ഒറ്റ-ഇരട്ട ഫോര്‍മുലയുടെ യഥാര്‍ത്ഥ പരിശോധന തുടങ്ങി

odd-even

ദില്ലി: വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭ നടപ്പിലാക്കിയ വാഹനനിയന്ത്രണ നിയമത്തിന്റെ യഥാര്‍ത്ഥ പരിശോധന ഇന്ന്. ഇരട്ട സംഖ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറുകള്‍ മാത്രമെ ഇന്ന് ദില്ലിയില്‍ നിരത്തിലിറങ്ങുകയുള്ളു. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഒറ്റ-ഇരട്ട നിയമം മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുകയാണ്.  ഇന്ന് ഇരട്ടയക്കമുള്ള വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. ഇതുവരെ 170 ഓളം പേര്‍ക്ക് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഒളിക്യാമറകള്‍ ഉപയോഗിക്കണമെന്ന് എന്‍സിസി, എന്‍എസ്എസ് ഉള്‍പ്പെടുന്ന വോളണ്ടിയര്‍ സംഘം ആവശ്യപ്പെട്ടിണ്ടുണ്ട്. പരാതികള്‍ രേഖപ്പെടുത്തുന്നതിനായി ഒരു പൊലീസ് ഉദ്യോസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒറ്റ-ഇരട്ട നിയമം പാലിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുന്നതായിരിക്കും. ചില വിഐപികളെയും വനിതാ ഡ്രൈവര്‍മാരെയും പിഴയില്‍ നിന്നും ഒഴിവാക്കിയതായി ഭരണാധികാരികള്‍ അറിയിച്ചു.

വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രി കപില്‍ മിശ്ര ഓഫീസിലെത്തിയത് സ്വകാര്യബസ്സിലാണ്. ‘ഞാനും ഒറ്റ-ഇരട്ട നിയമത്തിന്റെ ഭാഗമാണ്’എന്ന ഹാഷ് ടാഗിലാണ് കപില്‍ മിശ്ര ബസ്സില്‍ യാത്രചെയ്യാനെത്തിയത്. ഒറ്റ-ഇരട്ട നിയമം എന്താണെന്ന് ഉദാഹരണ സഹിതം തെളിയിക്കുകയാണ് കെജ്രിവാള്‍ മന്ത്രിസഭ.

kapil

ഒറ്റ-ഇരട്ട ഫോര്‍മുലയുടെ ആദ്യ ദിനം തന്നെ വിജയകരമായിരുന്നു. ഒന്നാം ദിവസം ഒറ്റ സംഖ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ മാത്രമെ നിരത്തിലിറങ്ങിയുള്ളു. രണ്ടാം ദിവസം ഇരട്ട സംഖ്യാ രജിസ്‌ട്രേഷനില്‍ പെട്ടവയും. വായു മലിനീകരണ തോത് കുറയ്ക്കാന്‍ ജനങ്ങള്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്നും, ഈ രണ്ടു ദിവസത്തെ വിജയത്തിന് അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും ദില്ലി ഗതാഗത മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. 64 ലക്ഷത്തോളം യാത്രക്കാര്‍ ഇന്ന് സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുമെന്നാണ് ബസ്സുടമകള്‍ പ്രതീക്ഷിക്കുന്നത്. ദില്ലി മെട്രോയില്‍ 32 ലക്ഷം ജനങ്ങളും. ഇതുവരെ 26 ലക്ഷം പേരാണ് ഈ മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നത്.

DONT MISS
Top