വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം: ഹറാമിന്റെ പരിധിയില്‍ വരുമെന്ന് ഖുതുബ പ്രഭാഷണം


ജിദ്ദ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ചാറ്റ് ചെയ്യുന്നതും ഹറാമായ കാരൃങ്ങളാണെന്ന് ജിദ്ദയിലെ അല്‍മനാര്‍ മസ്ജിദ് ഇമാം ഡോക്ടര്‍ ശൈഖ് അഹമദ് ഹുസൈനി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ഖുതുബ പ്രഭാഷണത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.  നിഷിദ്ദമാക്കപ്പെട്ടവ എന്ന അര്‍ത്ഥത്തില്‍ ഹറാമിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനമോടിക്കുമ്പോഴുള്ള ഫോണ്‍ ഉപയോഗത്തെ അദ്ദേഹം സൂചിപ്പിച്ചത്.

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മനസ്സും കണ്ണും ശ്രദ്ധയും മറ്റൊരു ഭാഗത്ത് കേന്ദ്രീകരിപ്പിച്ചിരിക്കുന്നു. ഇതുമൂലം സ്വയം നശിക്കുവാനും മറ്റുള്ളവര്‍ക്കു നാശനഷ്ടങ്ങള്‍ ഉണ്ടാക്കുവാനും ഇടവരുത്തും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപകടം ഉണ്ടാക്കുമെന്ന ധാരണയുള്ളവരാണ്  വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ അധികപേരും. അറിഞ്ഞുംകൊണ്ട് അപകടത്തിലേക്ക് ചാടുന്നവരാണ് ഇവര്‍. ഇങ്ങിനെ ചെയ്തവര്‍ താമസിയാതെ അല്ലാഹുവിലേക്ക് പ്രായശ്ചിത്വം ചെയ്ത് മടങ്ങേണ്ടതുണ്ട്. ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഡോക്ടര്‍ ശൈഖ് അഹമദ് ഹുസൈനി പറഞ്ഞു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗം ഭരണാധികാരികള്‍ വിലക്കിയിട്ടുണ്ട്. ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും മുന്നില്‍ കണ്ടാണു ഭരണാധികാരികള്‍ അതിനെ വിലക്കിയത്. ഇത് മറികടക്കുന്നത് അല്ലാഹുവിനോടും പ്രവാചകനോടും ഭരണാധികാരികളോടുമുള്ള അനുസരണക്കേടാണെന്നും ശൈഖ് അഹമദ് ഹുസൈനി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top