കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

startupകൊച്ചി: വിദ്യാര്‍ത്ഥികളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിയ്ക്കുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആരംഭിച്ച കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പ്രവര്‍ത്തനമവസാനിപ്പിയ്ക്കുന്നു. വില്ലേജിലൂടെയുള്ള കത്തിടപാടുകളും മറ്റു വിനിമയങ്ങളും അവസാനിപ്പിക്കണമെന്ന് ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന സംരംഭകര്‍ക്ക് സന്ദേശം ലഭിച്ചു. സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിലേക്ക് വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ മാറാന്‍ പോകുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് അധികൃതര്‍ കഴിഞ്ഞ ദിവസം സംരംഭകര്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വില്ലേജിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ഈ മാസം 31 മുതല്‍ സംരംഭകരുടെ വിലാസം മാറ്റണം. തപാല്‍ ഉരുപ്പടികള്‍, കൊറിയര്‍ തുടങ്ങിയവയൊന്നും വിലാസത്തില്‍ സ്വീകരിയ്ക്കില്ലെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ബദല്‍മാര്‍ഗ്ഗങ്ങളെക്കുറിച്ച് മെയിലില്‍ പരാമര്‍ശവുമില്ല.

മോബ് മി എന്ന സ്വകാര്യ സംരംഭകരുമായി ചേര്‍ന്നാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നത്. ജനുവരി ഒന്ന് മുതല്‍ മോബ് മീയ്ക്ക് വില്ലേജിന്റെ നടത്തിപ്പില്‍ ചുമതലയുണ്ടാവില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. സ്റ്റാര്‍ട്ട് അപ്പ് മിഷനായിരിക്കും തുടര്‍ന്ന് വില്ലേജിന്റെ ഏകോപനം നടത്തുക. നിലവിലെ കമ്പനികള്‍ സ്റ്റാര്‍ട്ട് അപ്പില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് മിഷനുമായി പുതിയ കരാറില്‍ ഏര്‍ പ്പെടേണ്ടി വരുമെന്നാണ് സൂചന. കരാര്‍ നിബന്ധനയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കാന്‍അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.

നേരത്തേ സ്റ്റാര്‍ട്ട് അപ്പ് സംവിധാനങ്ങളുപയോഗിക്കുന്നതിനുള്ള നിരക്ക് കുത്തനെ ഉയര്‍ത്താന്‍ കമ്പനി ആലോചിച്ചിരുന്നു. സംരംഭകരുടെ എതിര്‍പ്പിനേത്തുടര്‍ന്ന് നീക്കം നടപ്പിലായിരുന്നില്ല. തുടര്‍ന്നാണ് വില്ലേജിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ ഡോ. ജയശങ്കര്‍ പ്രസാദ് സംരംഭകരുമായി ആശയവനിനിമയം നടത്തിയെങ്കിലും ആശയക്കുഴപ്പം പൂര്‍ണ്ണമായി ദൂരീകരിക്കപ്പെട്ടില്ലെന്നും സംരംഭകര്‍ വ്യക്തമാക്കുന്നു.

DONT MISS
Top