ബീപ് ഗാന വിവാദം: ചിമ്പുവിനായി തെരച്ചില്‍; അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

chimbu
ചെന്നൈ: ബീപ് ഗാന വിവാദത്തില്‍ തമിമഴ് നടന്‍ ചിമ്പുവിനെയും ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധിനെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ചിമ്പു ഒളിവിലാണ്. ചിമ്പു തമിഴ്‌നാട്ടില്‍ നിന്നും ബംഗലൂരുവിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ചിമ്പുവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളത്തിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ടി.ആര്‍ നഗറിലുള്ള വസതിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ചിമ്പുവിനെ കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിമ്പുവിനെ വിദേശത്തേക്ക് കടക്കാതിരിക്കാനും പോലീസ് നടപടി സ്വീകരിക്കുന്നുണ്ട്.

അനിരുദ്ധ് ടൊറന്റോയിലാണ് ഉള്ളത്. അനിരുദ്ധ് തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, മകനെ കുടുക്കുകയായിരുന്നുവെന്ന് ചിമ്പുവിന്റെ അമ്മ ഉഷ രാജേന്ദര്‍ പറഞ്ഞു. സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത പാട്ടാണ് അതെന്നും ഗാനം വേണ്ടെന്ന് വെച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ചിമ്പുവിനെ ലക്ഷ്യം വെച്ച് നടത്തുന്ന നീക്കമാണിത്. ഗാനം ആരോ ബോധപൂര്‍വ്വം മോഷ്ടിച്ച് അപ്‌ലോഡ് ചെയ്യുകയായിരുന്നു. അവരെ കണ്ടെത്തണമെന്നും അവര്‍ പറഞ്ഞു.

പുതിയ ചിത്രത്തിനായി അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത് ചിമ്പു പാടിയ ‘ബീപ്’ ഗാനമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അശ്ലീല പദങ്ങള്‍ ചേര്‍ത്ത് സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തില്‍ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയെന്നാണ് പരാതി. ഗാനത്തിനെതിരെ നിരവധി വനിതാ സംഘടനകളാണ് രംഗത്തു വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളിലായി 11 ഓളം കേസുകളാണ് നിലവിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top