സാഫ് ഫുട്‌ബോള്‍: സംഘാടനത്തിനെതിരെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ രംഗത്ത്

SAFF

തിരുവനന്തപുരം: 11 ആമത് സാഫ് കപ്പ് ഫുട്‌ബോള്‍ മത്സരം നാളെ തുടങ്ങാനിരിക്കെ  സംഘാടനത്തിനെതിരെ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ രംഗത്ത്. കളിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സജ്ജീകരണത്തില്‍ തൃപ്തിയില്ലെന്ന് അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ഉള്‍പ്പെടെയുളള ടീമുകളും വ്യക്തമാക്കി. മത്സരം നാളെ ആരംഭിക്കാനിരിക്കെ സ്റ്റേഡിയം പോലും കാണാനായില്ലെന്നും പരാതി ഉയര്‍ന്നു.

മത്സരത്തിനുള്ള ടീമുകളെല്ലാം തിരുവനന്തപുരത്ത് എത്തി. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മൈതാനം മത്സരത്തിനു സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

നാളെ 6.30 ന് നേപ്പാളും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. 23 മുതല്‍ ജനുവരി മൂന്നുവരെയാണ് ചാമ്പ്യന്‍ഷിപ്പ്. എ, ബി ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ എ ഗ്രൂപ്പിലും അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഭൂട്ടാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങള്‍ ബി ഗ്രൂപ്പിലുമാണ്. 28ന് ലീഗ് മത്സരങ്ങള്‍ അവസാനിക്കും. 31ന് രണ്ട് സെമിഫൈനലുകളും ജനുവരി മൂന്നിന് ഫൈനലും നടക്കും.25ന് വൈകിട്ട് 6.30ന് ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

DONT MISS
Top