വിശ്വസുന്ദരി മത്സരം: അവതാരകന് നാക്ക് പിഴച്ചപ്പോള്‍ മാറിപ്പോയത് വിജയിയുടെ പേര്

miss-universeലാസ് വെഗാസ്: അവതാരകന് നാവ് പിഴച്ചതിനെ തുടര്‍ന്ന് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ വേദിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. മികച്ച നിലയില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ കണ്ണീര്‍ വീഴ്ത്തിയത് അവതാരകനായ സ്റ്റീവ് ഹാര്‍വിക്ക് പറ്റിയ അബദ്ധമാണ്.

മിസ് കൊളംബിയ ആരിയാന്‍ഡ ഗിറ്റെരസ് ആരെവലോയാണ് സുന്ദരിപ്പട്ടം നേടിയതെന്നായിരുന്നു ആദ്യപ്രഖ്യാപനം. തുടര്‍ന്ന് കിരീടധാരണവും നടത്തി. വിശ്വസുന്ദരിയായി എല്ലാവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ആരെവലോ നില്‍ക്കുമ്പോഴാണ് സ്റ്റീവ് ഹാര്‍വിയുടെ ക്ഷമാപണം. ഫസ്റ്റ് റണ്ണറപ്പാണ് മിസ് കൊളംബിയ ആരെവലോ. ഫിലിപ്പീന്‍സിന്റെ പിയ അലോന്‍സോ വുസ്ബാച്ചാണ് വിശ്വസുന്ദരിപ്പട്ടത്തിന്റെ യഥാര്‍ത്ഥ അവകാശി. ക്ഷമാപണവും പ്രഖ്യാപനവും വന്നിട്ടും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്ന് നില്‍ക്കുകയായിരുന്നു മിസ് കൊളംബിയയും മിസ് ഫിലിപ്പീന്‍സും.

ഒടുവില്‍ മിസ് കൊളംബിയയുടെ ശിരസില്‍ നിന്നും കിരീടം തിരികെയെടുത്ത് മിസ് ഫിലിപ്പീന്‍സിന്റെ ശിരസിലണിയിച്ചു. മുന്‍ വര്‍ഷത്തെ വിജയി കൊളംബിയക്കാരി തന്നെയായ പൗളിന വേഗയാണ് കിരീടധാരണം നടത്തിയത്.

സംഭവിച്ചത് തന്റെ തെറ്റാണെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പറഞ്ഞ സ്റ്റീവ് ഹാര്‍വി എല്ലാവരോടും ക്ഷമാപണം നടത്തുകയും ചെയ്തു.

അമേരിക്കയിലെ ലാസ് വെഗാസിലാണ് 64ആം മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്. മിസ് കൊളംബിയ ആരെവലോ, മിസ് ഫിലിപ്പീന്‍സ് പിയ അലോന്‍സോ, മിസ് യുഎസ്എ ഒലിവിയ ജോര്‍ദാന്‍ എന്നിവരായിരുന്നു ഫൈനലിസ്റ്റുകള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80 മത്സരാര്‍ത്ഥികളി നിന്നാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

DONT MISS
Top