ലോകത്തില്‍ അഭയാര്‍ത്ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി യുഎന്‍

syria-refugeeന്യൂയോര്‍ക്ക്: അഭയാര്‍ത്ഥികളാകുന്നവരുടെ എണ്ണം ലോകത്താകമാനം വന്‍തോതില്‍ വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. നാടുവീടും വീട്ട് മറ്റിടങ്ങളില്‍ അഭയം തേടിയവരുടെ എണ്ണം ഈ വര്‍ഷം ആറ് കോടി കടക്കും എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിറിയ, യെമന്‍, യുക്രൈയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നാണ് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

ലോകത്താകെ 122 പേരില്‍ ഒരാള്‍ വീതം അഭായാര്‍ത്ഥിയാകുന്നു എന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ദിനംപ്രതി 4600 പേരാണ് പലായനത്തിന് നിര്‍ബന്ധിതരാകുന്നത്. യുദ്ധങ്ങളും ആഭ്യന്തരകാലപവും ആണ് അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പ്രധാന കാരണം. സിറിയയാണ് ഏറ്റവുമധികം അഭയാര്‍ത്ഥികളെ സൃഷ്ടിച്ച രാജ്യം. കലാപം തുടങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 42 ലക്ഷം പേര്‍ സിറിയയില്‍ നിന്ന് പലായനം ചെയ്തു. യെമന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ദക്ഷിണസുഡാന്‍, ബുറുണ്ടി തുടങ്ങിയ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയിലാണ്.

ജര്‍മ്മനി, റഷ്യ, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലേക്കാണ് അഭയാര്‍ത്ഥികളില്‍ കൂടുതലും എത്തുന്നത്. ഇതില്‍ ജര്‍മ്മനിയാണ് അഭയാര്‍ത്ഥിപ്രതിസന്ധി ഏറ്റവുമധികം നേരിടുന്ന രാജ്യം. സ്വന്തം രാഷ്ട്രത്തിനുള്ളില്‍ തന്നെ അഭയാര്‍ത്ഥികളാകേണ്ടിവന്നവരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചു. 2015ന്റെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരമാണ് ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

DONT MISS
Top