ഡീസല്‍ എസ്‌യുവികളും ആഡംബരകാറുകളും ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

supreme-courtദില്ലി: ഡീസല്‍ ഉപയോഗിച്ചുള്ള എസ്‌യുവികളും ആഡംബരകാറുകളും ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീം കോടതി നിരോധിച്ചു. 2000 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. മാര്‍ച്ച് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ചെറിയ ഡീസല്‍ കാറുകളുടെ പൊലൂഷന്‍ ടാക്‌സ് ഒറ്റത്തവണയായി ഈടാക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു.

വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഇടപെടാന്‍ അനുവാദമില്ലെന്നും കോടതി ഉത്തരവിട്ടു. ദില്ലിയിലെ അന്തരീക്ഷമലിനീകരണം അപകടകരമാം വിധം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെടല്‍. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റിസുമാരായ എകെ സിക്രി, ആര്‍ ബാനുമതി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ആഡംബര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സാധാരണക്കാരെ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങള്‍ കൂടാതെ തലസ്ഥാനനഗരിയുടെ പരിധിയില്‍ വരുന്നയിടങ്ങളിലെല്ലാം നിരോധനം ബാധകമാണ്. നിര്‍മ്മാണമേഖലയിലെ മലിനീകരണം പരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

delhi-trafficവാണിജ്യാവശ്യത്തിനുള്ള ചെറുകിട വാഹനങ്ങളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലധികം പഴക്കമില്ലാത്ത ട്രക്കുകള്‍ക്ക് ദില്ലിയില്‍ കടക്കുന്നതിന് തടസ്സമില്ല. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 1400 രൂപയും വലിയ ട്രക്കുകള്‍ക്ക് 2600 രൂപയും പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും പച്ചക്കറിയും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് സെസ് ഒഴിവാക്കിയിട്ടുണ്ട്. ല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ മാര്‍ച്ച് ഒന്നിന് മുമ്പ് പൂര്‍ണമായും സിഎന്‍ജിയിലേക്ക് മാറണം. മാലിന്യം കത്തിക്കുന്നതിന് അനുവാദമില്ല. ഏപ്രില്‍ ഒന്നിന് മുമ്പ് വാക്വം ക്ലീനിംഗ് വാഹനങ്ങള്‍ വാങ്ങണമെന്ന് ദില്ലി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലിയിലെ റോഡുകളില്‍ പൊടിപടലങ്ങളില്ലാതെ സൂക്ഷിക്കണമെന്ന് സുപ്രീം കോടതി ദില്ലി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന വാഹനമെന്ന നിലയില്‍ ഇന്നോവയെ നിരോധനത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ടൊയോട്ട മോട്ടോഴ്‌സ് വാദിച്ചെങ്കിലും 2000 സിസിക്ക് മുകളിലാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളി.

delhi-pollutionചെറിയ ഡീസല്‍ കാറുകളുടെ പൊലൂഷന്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് അടുത്തമാസം അഞ്ചിലേക്ക് മാറ്റി. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിട്ടുണ്ട്.

DONT MISS
Top