ഒറ്റക്കാലില്‍ സൈക്കിള്‍ സവാരി; ആദിത്യയ്ക്കു മുന്നില്‍ ദൂരം കീഴടങ്ങുന്നു

aditya

ഒറ്റക്കാലില്‍ ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് 1450 കിലോമീറ്ററാണ് ആദിത്യ മേത്ത സൈക്കിള്‍ ചവിട്ടുന്നത്. മനസാന്നിധ്യവും കഠിനപ്രയത്‌നവും ഉണ്ടെങ്കില്‍ എന്ത് കാര്യവും യാഥാര്‍ത്ഥ്യമാക്കാമെന്ന് ആദിത്യ മേത്ത എന്ന യുവാവ് കാണിച്ചുതരുന്നു. ആദിത്യ ഒരു നന്മ മരമാണ്. കാല്‍മുട്ടിനു കീഴ്‌പോട്ടേക്ക് കാല്‍ മുറിച്ചു നീക്കിയതിനു ശേഷവും പ്രതീക്ഷയറ്റുപോകാതെ ആദിത്യ തന്റെ മനസാന്നിധ്യം വീണ്ടെടുത്തു. ഹൈദരാബാദ് സ്വദേശിയായ ആദിത്യ ഇന്ന് അറിയപ്പെടുന്ന പാരാ സൈക്ലിസ്റ്റാണ്.

ഇന്ത്യാ ഗേറ്റില്‍ നിന്നും ഇന്ന് ആരംഭിച്ച ഇന്‍ഫിനിറ്റി റൈഡ് എന്നു പേരിട്ടിരിക്കുന്ന സൈക്കിള്‍ സവാരി ഏകദേശം 1450 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ അവസാനിപ്പിക്കും. കൃത്രിമ കാലിന്റെ പോലും സഹായമില്ലാതെയാണ് ആദിത്യ സൈക്കിള്‍ സവാരി നടത്തുന്നത്. ഈ സവാരി തന്റെ സ്വന്തം ലാഭത്തിനു വേണ്ടിയല്ല. തന്നെ പോലെ ഭിന്നശേഷിയുള്ളവര്‍ക്കായി, സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്നവര്‍ക്കായി പണം കണ്ടെത്താനാണ് ഈ സവാരി. സമൂഹത്തില്‍ അവര്‍ക്കും മറ്റുള്ളവരെ പോലെ തന്നെ ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്കും സ്‌നേഹവും ബഹുമാനവും നല്‍കണമെന്ന് ആദിത്യ പറയുന്നു.

2013 ല്‍ ആദിത്യ ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിച്ചു. ഇതിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്കായി പരിശീലനം ആരംഭിച്ചത്. ഭിന്നശേഷിയുള്ള കായിക താരങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും ഫൗണ്ടേഷന്‍ ഒരുക്കും. സാമ്പത്തിക സ്ഥിതിയില്‍ പിന്നാക്കക്കാര്‍ക്കും സഹായം ലഭ്യമാക്കും. മാനസികമായും ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ ആദിത്യ മേത്ത മുന്നിലുണ്ടാകും.

2013 ല്‍ ഏഷ്യന്‍ പാര സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സില്‍വര്‍ മെഡലുകള്‍ നേടിയിട്ടുള്ള ആദിത്യ 2012 ല്‍ ഹൈദരാബാദില്‍ നിന്നും ബംഗലൂരുവിലേക്ക് സവാരി നടത്തിയിട്ടുണ്ട്. 540 കിലോമീറ്ററാണ് അന്ന താണ്ടിയത്. 17 ലക്ഷം രൂപ അന്ന് ലഭിച്ചു. പിന്നീട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഫണ്ട് വിനിയോഗം ചെയ്യാന്‍ ആരംഭിച്ചു.

ഏത് ദുര്‍ഘട സാഹചര്യങ്ങള്‍ മറികടന്നും സവാരി ചെയ്യാന്‍ ആദിത്യ തയ്യാറാണ്. 2013ല്‍ ലണ്ടനില്‍ നിന്നം പാരിസിലേക്ക്, കശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക്…അങ്ങനെ പോകുന്നു ആദിത്യ താണ്ടിയ ദൂരങ്ങള്‍.
ദൂരങ്ങളും, സ്ഥലങ്ങളും ആദിത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയിക്കൊണ്ടിരിക്കുകയാണ്.

DONT MISS
Top