ജര്‍മ്മനിയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാനൊരുങ്ങി ആഞ്ജല മെര്‍ക്കല്‍

ബെര്‍ലിന്‍: ജര്‍മ്മനിയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കര്‍ശ്ശനമായി നിയന്ത്രിക്കാനൊരുങ്ങി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. അഭയാര്‍ത്ഥികളെ ഒഴിവാക്കില്ലെന്ന തീരുമാനത്തിനെതിരെ സ്വന്തം പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു തന്നെ മെര്‍ക്കലിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു ശേഷമാണ് അഭയാര്‍ത്ഥി നടപടികള്‍ ശക്തമാക്കാന്‍ തീരുമാനമായിരിക്കുന്നത്.

ഓരോ വര്‍ഷവും ജര്‍മ്മനിയിലേക്ക് പ്രവഹിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതിനെതിരെ നടപടി കൈക്കൊള്ളാന്‍ മെര്‍ക്കലിന് മേല്‍ ആദ്യം മുതല്‍ തന്നെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു.  ഈ വര്‍ഷം മാത്രം പത്തുലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍  ജര്‍മ്മനിയിലെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

refugees

കുടിയേറ്റം നിയന്ത്രിക്കാനായി തുര്‍ക്കിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ജര്‍മ്മനിയുടെ തീരുമാനം.  തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലുള്ള അവസ്ഥകള്‍ മെച്ചപ്പെടുത്താനും യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും നടപടികള്‍ സ്വീകരിക്കും .

2016 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്‍പേ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അത് ആഞ്ജല മെര്‍ക്കലിന്റെ അടുത്ത പ്രാവശ്യത്തെ ചാന്‍സലര്‍ സ്ഥാനത്തിന്റെ സാധ്യതയെത്തന്നെയാണ് ദോഷകരമായി ബാധിക്കുക. മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നാലാം തവണയും ജര്‍മ്മന്‍ ചാന്‍സലര്‍ എന്ന സ്ഥാനം  മെര്‍ക്കലിനു സ്വന്തമാകും.

DONT MISS
Top