മോസ്‌കോയിലെ സെമിത്തേരിയില്‍ സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കും

novodevichy-cemetery-111215
മോസ്‌കോ: പൊതുസ്ഥലങ്ങളിലും നഗരങ്ങളിലും റെസ്റ്റോറന്റുകളിലും വൈഫൈ സംവിധാനം ലഭ്യമാണ്. എന്നാല്‍ മോസ്‌കോയില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരിടത്ത് സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരാനിരിക്കുകയാണ് മോസ്‌കോ ഗവണ്‍മെന്റ്. സെമിത്തേരിയിലാണ് വൈഫൈ സംവിധാനം കൊണ്ടുവരുന്നത്.

വാഗന്‍കോവോ, ട്രോയ്കുറോവോ, നോവോഡെവിഞ്ചി എന്നീ സെമിത്തേരികളിലാണ് സൗജന്യ വൈഫൈ കൊണ്ടുവരുന്നത്. എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവ്, സോവിയറ്റ് നേതാവ് നികിത കുറുഷേവ്, ആദ്യ റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്‍ എന്നിവരെ അടക്കം ചെയ്ത സെമിത്തേരികളാണ് ഇത്.

ഈ സെമിത്തേരികളെല്ലാം മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നഗരത്തിലെ സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനാ വക്താവ് ലില്യ ലുവോസ്‌ക്യ പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ശാന്തമായിരിക്കാനുള്ള സ്ഥലമാണ് ഈ സെമിത്തേരികള്‍. ഇവിടെയിരിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയെന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം.

പ്രമുഖരെ അടക്കം ചെയ്ത സെമിത്തേരികളായതിനാല്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. നോവോഡെവിഞ്ചി, വാഗന്‍കോവോ സെമിത്തേരികളില്‍ നേരത്തെ തന്നെ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖരുടെ കല്ലറകള്‍ കണ്ടെത്താന്‍ സന്ദര്‍ശകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. എല്ലാ വര്‍ഷവും 120,000 പേരെയാണ് സെമിത്തേരികളില്‍ അടക്കം ചെയ്യുന്നത്.

DONT MISS
Top