പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയെന്ന് ലോകബാങ്ക്

Saudi-Bankറിയാദ്: ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധയുണ്ടായെന്ന് ലോകബാങ്കിന്റെ കണക്കുകള്‍. യുഎഇയില്‍ നിന്ന് അയക്കുന്ന തുകയും വര്‍ധിച്ചു. അടുത്ത വര്‍ഷം ജിസിസി രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പണം എത്തുമെന്നാണ് കണക്കാക്കുന്നത്.

ഡോളറിന് എതിരെ രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇന്ത്യയിലേക്ക് എത്തുന്ന വിദേശപണത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണം. വിദേശരാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം 4,75,200 കോടി രൂപ ഇന്ത്യയില്‍ എത്തും എന്നാണ് ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദേശത്തുനിന്നും എത്തുന്ന പണത്തിന്റെ തോതില്‍ 2.5 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പണം എത്തുന്നത്. കഴിഞ്ഞവര്‍ഷം 4,68,600 കോടി രൂപയാണ് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് മാത്രം 99,000 കോടിയോളം രൂപ ഇന്ത്യയിലേക്ക് അയച്ചു എന്നാണ് കണക്കാക്കുന്നത്. ഡോളറിന് എതിരെ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യത്തില്‍  അടുത്ത വര്‍ഷം ജിസിസിയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്റെ തോത് ഇനിയും ഉയരും എന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

വിദേശത്തുനിന്നും ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്റെ 35 ശതമാനവും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. 2010 മുതലാണ് ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോതില്‍ വന്‍ വര്‍ധന ആരംഭിച്ചത്. പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ വരുന്ന ഈ വര്‍ധന ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

DONT MISS
Top