ദേശീയ വനിതാ ഷൂട്ടിംഗ് താരം ഉപജീവനത്തിനായി തെരുവില്‍ ഭക്ഷണം വില്‍ക്കുന്നു

shooting

ദില്ലി: ട്രാക്കില്‍ പൊരുതി നേടിയ തിളക്കമുള്ള മെഡലുകള്‍ ചുമട്ടുവണ്ടിയില്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ തൂക്കിയിട്ടിരിക്കുന്നു. റൈഫിള്‍സ് ഏന്തിയ കൈകളില്‍ അടുപ്പില്‍ നിന്നുള്ള കരിപുരണ്ട് തിളക്കം പോയിരിക്കുന്നു. ലോകത്തെ സമ്പന്ന കായികതാരങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ദേശീയ വനിതാ ഷൂട്ടിംഗ് താരം ഉപജീവനത്തിനായി തെരുവില്‍ ഭക്ഷണം വില്‍ക്കുകയാണ്.

രാജ്യത്തിന് വേണ്ടി ഷൂട്ടിംഗില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ പുഷ്പ ഗുപ്തയ്ക്കാണ് ഈ ദുരവസ്ഥ. ഗുജറാത്തിലെ വഡോദര സ്വദേശിനിയാണ് ഇരുപത്തൊന്നുകാരിയായ പുഷ്പ ഗുപ്ത. ഷൂട്ടിംഗില്‍ ഗുജറാത്തില്‍ നിന്നും രാജ്യത്തിന് വേണ്ടി ഉയിര്‍കൊണ്ട താരം. വഡോദരയിലെ തെരുവില്‍ തട്ടുകടയില്‍ നൂഡില്‍സ് വിറ്റ് പുഷ്പയുണ്ടാക്കുന്ന പണമില്ലെങ്കില്‍ കുടുംബം പട്ടിണിയാവും. ഏറെ പണച്ചെലവുള്ള ഷൂട്ടിംഗ് രംഗത്ത് പണമില്ലെങ്കില്‍ നിലനില്‍പില്ലെന്ന തിരിച്ചറിവില്‍ പുഷ്പ കായികരംഗം തന്നെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രധാനമന്ത്രിയുടെ നാട്ടില്‍ തന്നെ തന്റെ മകള്‍ക്ക് കായികരംഗം ഉപേക്ഷിക്കേണ്ടി വന്നത് ഏറെ ദുഃഖിപ്പിക്കുന്നെന്ന് പുഷ്പയുടെ പിതാവ് ദിനേഷ് കുമാര്‍ ഗുപ്ത പറയുന്നു.

എന്‍സിസി വഴിയായിരുന്നു പുഷ്പ ഇത്രയും കാലം പരിശീലനം നടത്തിയിരുന്നത്. ഗുജറാത്തിനെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത പുഷ്പ മെഡലുകളും വാരിക്കൂട്ടി. പക്ഷേ കോളേജ് പഠനം കഴിഞ്ഞതോടെ എന്‍സിസി കേഡറ്റുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം നിലച്ചു. വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ഗുജറാത്തിലെ സര്‍ക്കാര്‍ മകളുടെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൊടുത്താല്‍ പിന്നീട് ഒരിക്കലും മകള്‍ തെരുവില്‍ വില്‍പ്പന നടത്തില്ലെന്ന് പുഷ്പയുടെ പിതാവ് പറയുന്നു. അധികാരികളുടെ ഇടപെടലുണ്ടായാല്‍ രാജ്യത്തിന് വേണ്ടി ഇനിയും ഈ താരം ഉന്നം തെറ്റാത്ത നേട്ടങ്ങള്‍ സ്വന്തമാക്കും.

DONT MISS
Top