കുഞ്ഞുകൈകളില്‍ കൊയ്‌തെടുത്തത് നൂറുമേനി

Untitled Sequence.09
ഇടുക്കി: ഇടുക്കി ബൈസണ്‍വാലിയില്‍ കുരുന്നുകളുടെ പ്രയത്‌നത്തില്‍ നടത്തിയ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. ഇരുപതേക്കര്‍ സെര്‍വിന്‍ഡ്യാ എല്‍പി സ്‌കൂളിലെ കുട്ടികളാണ് തങ്ങളുടെ സ്വന്തം നെല്‍പ്പാടത്ത് കൊയ്ത്തുത്സവം നടത്തിയത്.

നെല്‍കൃഷിയുടെ പഴയ പ്രതാപകാലത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു കുരുന്നുകളുടെ കൊയ്ത്തുത്സവം. ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് മഞ്ചു ജിന്‍സ് ആദ്യ നെല്‍ക്കതിര്‍ കൊയ്‌തെടുത്ത് കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് കുട്ടികള്‍ സ്വന്തമായി നട്ടുപരിപാലിച്ച നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന നെല്‍ക്കതിരുകള്‍ കുഞ്ഞുകൈകളാല്‍ കൊയ്‌തെടുത്തു. കറ്റ ചുമന്നെത്തിച്ച് മെതിച്ച് കൂട്ടാനും കുട്ടികള്‍ തന്നെയാണ് മുന്നിട്ട് നിന്നത്.

ആദ്യകൃഷി വിജയമായതോടെ ജൈവരീതിയില്‍ കുറഞ്ഞ ചെലവില്‍ നെല്‍കൃഷി നടത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് സെര്‍വിന്‍ഡ്യ എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍. അതുകൊണ്ടു തന്നെ വീണ്ടും സ്ഥലം കണ്ടെത്തി വിപുലമായ രീതിയില്‍ അടുത്ത കൃഷി ഇറക്കുന്നതിന് വിത്തിടുവാന്‍ ഒരുങ്ങുകയാണിവര്‍.

ഒരുകാലത്ത് നെല്ലിന്റെ കലവറയായിരുന്ന ഹൈറേഞ്ചില്‍ നിന്ന് തൊഴിലാളി ക്ഷാമവും അമിതമായ ഉല്‍പ്പാദനച്ചെലവും നിമിത്തം കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നെല്‍കൃഷിയുടെ പ്രാധാന്യം കുട്ടികളിലും സമൂഹത്തിനും പകര്‍ന്നു നല്‍കുന്നതിനും മണ്ണിന്റെ മണമറിഞ്ഞ് കുട്ടികള്‍ക്ക് കാര്‍ഷിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനും വേണ്ടി സ്‌കൂളില്‍ കൃത്രിമ നെല്‍പ്പാടം തീര്‍ത്ത് നെല്‍കൃഷി ആരംഭിച്ചത്. വിത്തിടുന്നത് മുതല്‍ വിളവെടുപ്പ് വരെ കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് കൃഷി മുന്നോട്ടുകൊണ്ടുപോയത്.

DONT MISS
Top