ദുരിതം തോര്‍ന്ന ചെന്നൈയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍

chennaiചെന്നൈ: ദിവസങ്ങള്‍ നീണ്ട കനത്ത മഴ ഏറെക്കുറെ ശമിച്ചതോടെ സാധാരണ നിലയിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയാണ് ചെന്നൈ. പലയിടങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആശയവിനിമയബന്ധങ്ങള്‍ മെച്ചപ്പെട്ടു. ചില ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വെള്ളമിറങ്ങിയ റോഡുകളിലും വാഹനങ്ങള്‍ കണ്ടുതുടങ്ങി.

എന്നാല്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന മഹാനഗരത്തെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. പകര്‍ച്ചവ്യാധി ഭീഷണിയാണ് ഇതില്‍ ഏറ്റവും കടുത്തത്. ഇത് തടയാനുള്ള പ്രവൃത്തികള്‍ക്കാണ് അധികൃതര്‍ മുന്‍തൂക്കം നല്‍കുന്നത്.

നഗരം വൃത്തിയാക്കിയെടുക്കുകയാണ് മറ്റൊരു വെല്ലുവിളി. മുനിസിപ്പല്‍ തൊഴിലാളികള്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തെരുവുകളില്‍ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സാംക്രമികരോഗങ്ങള്‍ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി തെരുവുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഇടുന്നുണ്ട്.

ശുദ്ധജലവിതരണം പുനഃസ്ഥാപിക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഭൂരിഭാഗം ജലസ്രോതസുകളും മലിനപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലും ഭൂഗര്‍ഭജലം പോലും മലിനമായതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. ടാങ്കറുകളിലാണ് നിലവില്‍ വെള്ളമെത്തിക്കുന്നത്.

ചെന്നൈ വിമാനത്താവളം ഇന്ന് ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഇന്ന് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. യാത്രാവിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

85 ശതമാനം ഇടങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒറ്റപ്പെട്ട് കഴിയുന്ന നിരവധിയിടങ്ങളില്‍ ഇപ്പോഴും നഗരങ്ങളില്‍ പോലുമുണ്ട്. ടെലഫോണ്‍ ബന്ധവും ബസ് സര്‍വീസുകളും ഇപ്പോഴും ഭാഗികമായി മാത്രമേ നടക്കുന്നുള്ളു. സര്‍ക്കാരിന്റെ അവകാശവാദങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവും രോഷവും അറിയിക്കുന്നുമുണ്ട്. പലയിടങ്ങളിലും മൊബൈല്‍ നെറ്റ് വര്‍ക്കിംഗ് ഇപ്പോഴും നിശ്ചലമാണ്. പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകളുടെയും എടിഎമ്മുകളുടെയും മുമ്പില്‍ കിലോമീറ്ററോളം നീളുന്ന നിരയാണ് കാണുന്നത്.

അഡയാര്‍, കൂവം നദികളിലെ ജലനിരപ്പ് താഴ്ന്നു. എന്നാല്‍ കോട്ടൂര്‍പുരം, മുഡിച്ചൂര്‍, പള്ളിക്കരണൈ, വെളാച്ചേകി, മുനിപ്പക്കം, തൊറൈപ്പക്കം, താമ്പരം, ഷോളിംഗനെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണിത്. ഇടവിട്ട് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഒക്ടോബര്‍ ഒന്ന് മുതല്‍ ഇതുവരെ 245 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായാണ് സംസ്ഥാനസര്‍ക്കാരിന്റെ കണക്ക്.

DONT MISS
Top