ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

pollution-1

ദില്ലി: ദില്ലിയിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ദില്ലി സര്‍ക്കാര്‍. ഒറ്റസംഖ്യയിലും ഇരട്ട സംഖ്യയിലും അവസാനിക്കുന്ന നമ്പറുകളുളള കാറുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ പുറത്തിറക്കാവൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പൊതുഗതാഗതത്തിനായുള്ള വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിലെ താപനിലയങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് കേജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പിലാക്കിയാല്‍ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ നഗരമാകും ദില്ലി. ഏഷ്യയില്‍ ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ നഗരം ചൈനയിലെ ബീയ്ജിംഗ് ആണ്.

രാജ്യത്തു തന്നെ ഏറ്റവും മലിനീകരണം ഉള്ള നഗരമാണ് ദില്ലി. ദില്ലിയിലെ ജനങ്ങള്‍ ഗ്യാസ് ചേംബറിനകത്ത് കഴിയുന്നതു പോലെയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കോടതി ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തലസ്ഥാനത്തെ മലിനീകരണം പരിശോധിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ എന്ന് കോടതി ആരാഞ്ഞിരുന്നു. മലിനീകരണം തടയാന്‍ സമയബന്ധിതമായ നടപടികള്‍ ആവിഷ്‌കരിച്ച് ഈ മാസം 21ന് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിസ്ഥിതി മന്ത്രാലയവും ദില്ലി സര്‍ക്കാരും സമര്‍പ്പിച്ച പദ്ധതികള്‍ സമഗ്രമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തലസ്ഥാനത്തെ വര്‍ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണത്തില്‍ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണലും നേരത്തെ ദില്ലി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

DONT MISS
Top