ഇന്ത്യക്കാരുടെ വിസ നടപടിക്രമങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്ന് കുവൈത്ത് പാര്‍ലമെന്റംഗം

kuwaitമസ്‌കറ്റ്: കുവൈത്തിലെ ഇന്ത്യക്കാരുടെ വിസ നടപടിക്രമങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്ന് കുവൈത്ത് പാര്‍ലമന്റ് അംഗം കമാല്‍ അല്‍ അവാദി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥ ഇന്ത്യന്‍ എംബസി കഴിഞ്ഞ വര്‍ഷം നടപ്പിലാക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം പഠിക്കാതെയാണ് എംപിയുടെ ആവശ്യമെന്ന് ഇന്ത്യന്‍ സ്ഥാനപതി പ്രതികരിച്ചു.

ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്കാരികളെ വേലക്കാരികളെ കൊണ്ടു വരുന്നതിനു സ്‌പോണ്‍സര്‍മാര്‍ ഇന്ത്യന്‍ എംബസിയില്‍ 2500 ഡോളര്‍ കെട്ടി വെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി ശ്രമിച്ചിരുന്നു. എംബസിയുടെ തീരുമാനത്തിന് എതിരെ പാര്‍ലമെന്റ് അംഗം കമാല്‍ അല്‍ അവാദി കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രാലയത്തിന്റെ അധികാര പരിധിയില്‍പ്പെടുന്ന വിഷയം അല്ലെന്നായിരുന്നു കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇതില്‍ പ്രതികരിക്കവെയാണു കമാല്‍ അല്‍ അവാദി ഇന്ത്യന്‍ എംബസ്സിക്ക് എതിരെ ആഞ്ഞടിച്ചത്.

ഇന്ത്യന്‍ എംബസ്സിയുടെ നടപടിക്ക് പകരമായി കുവൈത്തിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിസ നടപടി ക്രമങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്നും ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ കുടുംബങ്ങളെ കൊണ്ടു വരുന്നതിനു വിസ അനുവദിക്കുന്നത് തടയണമെന്നും കുടിയേറ്റ വകുപ്പിന്റെ മുന്‍ മേധാവി കൂടിയായ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈത്ത് നീതി ന്യായ കോടതി മുഖേന പരിഹാരം കണ്ടെത്തേണ്ട വിഷയത്തില്‍ ഇന്ത്യന്‍ എംബസി കോടതിയെ പോലെ പെരുമാറുന്നത് തടയണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുടെ നടപടി കുവൈത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളി ആണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ കുവൈത്ത് സര്‍ക്കാരില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ മൂലം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ പിന്‍വലിക്കുകയും ഒപ്പം സ്ത്രീ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസി വിസ അറ്റസ്റ്റേഷന്‍ നിര്‍ത്തലാക്കിയെന്നും സ്ഥാനപതി സുനില്‍ കെ ജയിന്‍ ‘റിപ്പോര്‍ട്ടറോ’ട് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ജോലിക്കാരികള്‍ക്ക് കഴിഞ്ഞ മാസം മുതല്‍ കുവൈത്ത് സര്‍ക്കാര്‍ വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കുകയും ചൈതിരുന്നു. വിഷയം പഠിക്കാതെയാണു എംപി ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും സുനില്‍ കെ ജയിന്‍ വ്യക്തമാക്കി.

DONT MISS
Top