കൊല്ലത്ത് കശുവണ്ടി തൊഴിലാളികള്‍ ഫാക്ടറിക്ക് മുന്നില്‍ ഉപരോധ സമരം ആരംഭിച്ചു

lakshman
കൊല്ലം: കശുവണ്ടി ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് തൊഴിലാളികള്‍ ഫാക്ടറിക്ക് മുന്നില്‍ ഉപരോധ സമരം ആരംഭിച്ചു. കൊല്ലം കല്ലുംതാഴത്തെ ലക്ഷ്മണ്‍ കാഷ്യു ഫാക്ടറിക്ക് മുന്നിലാണ് സമരം.

ഒരു വര്‍ഷമായി തുറന്ന് പ്രവര്‍ത്തിക്കാത്ത കമ്പനിയില്‍ പുറത്ത് നിന്ന് കശുവണ്ടി എത്തിച്ച് കയറ്റുമതി ചെയ്യുന്നതായും തൊഴിലാളികള്‍ പറയുന്നു. കമ്പനിയില്‍ ജോലി നടക്കുന്നില്ലെങ്കിലും കമ്പനിക്കു വേണ്ടി മറ്റു സ്ഥലങ്ങളില്‍ നിന്നും കശുവണ്ടി കയറ്റി അയക്കുന്നതാണ് ഇപ്പോള്‍ ഇത്തരമൊരു സമരത്തിന് തൊഴിലാളികളെ പ്രേരിപ്പിച്ചത്.

ഇന്നലെ തുടങ്ങിയ സമരം ഇന്നും തുടരുകയാണ്. തൊഴിലാളികള്‍ക്ക് അനുകൂലമായ മറുപടി ഇതുവരെ കമ്പനി മുതലാളികള്‍ നല്‍കിയില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഉചിതമായ തീരുമാനം കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. ജോലി നല്‍കിയില്ലെങ്കില്‍ മരണം വരെ സമരം തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്.

പുതുക്കി നിശ്ചയിച്ച കൂടിയ കൂലിയും തോട്ടണ്ടിക്കുണ്ടായ കൂടിയ വിലയുമാണ് ഫാക്ടറി അടഞ്ഞു കിടക്കാന്‍ സാഹചര്യമൊരുക്കിയതെന്നാണ് കമ്പനി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ വിശദീകരണം.

ലക്ഷ്മണ്‍ കമ്പനിക്കു കീഴിലുള്ള മൂന്നു ഫാക്ടറികളാണ്  കൊല്ലത്ത് അടഞ്ഞു കിടക്കുന്നത്.

DONT MISS
Top