ഏത്തക്കായക്ക് വിലയിടിഞ്ഞതോടെ പാവല്‍ കൃഷിയില്‍ അഭയം തേടി കര്‍ഷകര്‍

AGRICULTUREഇടുക്കി: ഏത്തക്കായക്ക് വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ പാവല്‍ കൃഷിയിലേക്ക് വഴിമാറുന്നു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കഴിഞ്ഞതവണ വാഴകൃഷിയില്‍ സജീവമായിരുന്ന ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ പാവല്‍കൃഷിയിലേക്ക് ചേക്കേറിക്കഴിഞ്ഞു. പാവക്കയ്ക്ക് ഉയര്‍ന്ന വില ലഭിക്കുന്നത് കര്‍ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഓണവിപണി അടക്കം പ്രതീക്ഷിച്ച് കര്‍ഷകര്‍ വ്യാപകമായി ഏത്തവാഴ കൃഷി നടത്തിയിരുന്നു. എന്നാല്‍ ഏത്തവാഴയ്ക്ക് വില കുത്തനെ ഇടിയുകയും കാലവര്‍ഷത്തില്‍ വന്‍തോതില്‍ കൃഷിനാശമുണ്ടാവുകയും ചെയ്തതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലായി. ഇത്തവണയും ഏത്തക്കായ്ക്ക് വില ലഭിക്കാതായതോടെ കര്‍ഷകര്‍ കൃഷി പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.

ഇതിനു ശേഷമാണ് ഇവര്‍ പാവല്‍ കൃഷിയിലേക്ക് തിരിഞ്ഞത്. നിലവില്‍ പാവയ്ക്കയ്ക്ക് 40 രൂപയാണ് വില. സീസണ്‍ ആരംഭത്തില്‍ തന്നെ മികച്ച വില ലഭിക്കുന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു. ഇതോടെ ഹൈറേഞ്ചിലെ ഏത്തവാഴത്തോട്ടങ്ങളെല്ലാം പാവല്‍ത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

വളത്തിനും കീടനാശിനികള്‍ക്കും വില വര്‍ധിച്ചതോടെ ജൈവകൃഷിയെയാണ് ഇപ്പോള്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത്. എന്നാല്‍ പഴുപ്പും മറ്റ് രോഗങ്ങളും ബാധിക്കുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നുമുണ്ട്. തങ്ങളെ സഹായിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കൃഷിവകുപ്പ് രംഗത്തിറങ്ങണമെന്ന ആവശ്യമാണ് കര്‍ഷകര്‍ക്കുള്ളത്.

DONT MISS
Top