ഗുലാം അലി കേരളത്തില്‍ പാടും; നിലപാടില്‍ മാറ്റമില്ലെന്ന് ശിവസേന

ghulam ali
തിരുവനന്തപുരം: ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാന്‍ ശിവസേനയുടെ വിലക്ക് നേരിട്ട പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ പരിപാടി അവതരിപ്പിക്കും. ഈയിടെ ശിവസേന വിലക്കിയതിനെ തുടര്‍ന്ന് മുംബൈയിലും ദില്ലിയിലും നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരിപാടികള്‍ ഗുലാം അലിക്ക് റദ്ദാക്കേണ്ടി വന്നിരുന്നു. അദ്ദേഹത്തിന് നേരെയുണ്ടായ വ്യാപക പ്രതിഷേധത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഗുലാം അലി പരിപാടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജനുവരിയിലാണ് പരിപാടി.

ജനുവരി 15-ന് തിരുവനന്തപുരത്തും 17-ന് കോഴിക്കോടും സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയിലാണ് ഗായകന്‍ ഗുലാം അലി പാടുന്നത്. പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചതായി സ്വരലയ പ്രതിനിധിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബി എം.എല്‍.എ അറിയിച്ചു. മുംബയിലെ പ്രതിഷേധത്തില്‍ പരിപാടി റദ്ദാക്കിയതിനുള്ള പരിഹാരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പരിപാടി നടത്താനനുവദിക്കില്ലെന്ന പ്രസ്താവനയുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയെയും ഗുലാം അലി വിഷയവുമായും ബന്ധപ്പെട്ട് ശിവസേനയുടെ ദേശീയ ഘടകത്തിന്റെ നിലപാടാണ് കേരളത്തില്‍ നടപ്പിലാക്കുകയെന്നും സംഘടന വക്താക്കള്‍ പറഞ്ഞു.

പാകിസ്താന്‍ പൗരനായ ഗുലാംഅലിയെ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശിവസേനയുടെ നിലപാടിലും തുടര്‍ന്നുണ്ടായ വ്യപക പ്രതിഷേധത്തെ  തുടര്‍ന്നും മുംബൈയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരിപാടി ഗുലാം അലി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ദില്ലിയില്‍ പരിപാടി നടത്താന്‍ ക്ഷണമുണ്ടായിരുന്നെങ്കിലും ഭീഷണിയെത്തുടര്‍ന്ന് അതും റദ്ദാക്കി.

DONT MISS
Top