കാട്ടുപന്നികളെ ഓടിക്കാന്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നത് ഹണി സിംഗിന്റെ പാട്ടുകള്‍

honey-singh

ഡെറാഡൂണ്‍: ഇത് ഏപ്രില്‍ മാസമാണെങ്കില്‍ ഈ വാര്‍ത്ത ജനങ്ങളെ ഏപ്രില്‍ ഫൂള്‍ ആക്കാനായി ഉണ്ടാക്കിയെടുത്ത ഒന്നാണെന്ന കരുതാം. എന്നാല്‍ ഇത് ഡിസംബര്‍ മാസമായതു കൊണ്ടും അനുഭവം സാഷ്യപ്പെടുത്തുന്നത് ഒരു ഗ്രാമത്തെ കര്‍ഷകര്‍ മുഴുവന്‍ പേരും ചേര്‍ന്നാണെന്നതു കൊണ്ടും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ വാര്‍ത്ത വിശ്വസിക്കാതെ തരമില്ല. വാര്‍ത്ത ഇതാണ്, ഉത്തരാഖണ്ഡില്‍ ഒരു കൂട്ടം കര്‍ഷകര്‍ തങ്ങളുടെ പാടത്തെത്തുന്ന കാട്ടുപന്നികളെ ഓടിക്കാനായി ഉപയോഗിക്കുന്നത് ഹണി സിംഗിന്റെ പാട്ടുകള്‍. വാര്‍ത്തയുടെ വാസ്തവം ചോദിച്ചെത്തുന്നവര്‍ക്കു മുന്നില്‍ കൃഷിക്കാര്‍ തങ്ങളുടെ പുതിയ തന്ത്രത്തിന്റെ ഫലപ്രാപ്തി തത്സമയം വിവരിച്ചു കൊടുക്കുക കൂടി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത കെട്ട് യോ യോ ഹണി സിംഗിന്റെ ആരാധകര്‍ മനം തകര്‍ന്ന് ഇരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരാഖണ്ഡിലെ പല കൃഷിയിടങ്ങളിലും കാട്ടുപന്നികളിറങ്ങി പാടത്തെ കൃഷികള്‍ താറുമാറാക്കിയപ്പോള്‍ പന്നികളെ കൊല്ലാനായി വന്യമൃഗങ്ങളെ കൊല്ലുന്ന നിയമത്തില്‍ സര്‍ക്കാര്‍ ഇളവു വരുത്തി ഉപദ്രവകാരികളായ പന്നികളെ കൊല്ലാന്‍ അനുമതി നല്‍കി. പന്നികളെ വിഷം കൊടുത്തു കൊല്ലാമെന്ന നിയമത്തെത്തുടര്‍ന്ന് കാട്ടുപന്നികളെ കൊല്ലാനായി കര്‍കര്‍ പല രീതികളില്‍ വിഷപ്രയോഗം നടത്തി. എന്നാല്‍ ഈ പ്രയോഗങ്ങള്‍ക്കൊന്നും കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താന്‍ സാധിച്ചില്ല. നേരെയുള്ള വഴികള്‍ ഒന്നും നടക്കില്ലെന്നും മനസ്സിലായപ്പോള്‍ വലിയ ശബ്ദമുപയോഗിച്ച് കൃഷിയിടത്തിലെത്തുന്ന പന്നികളെ കൊല്ലാമെന്ന് ഇവര്‍ കണ്ടു പിടിച്ചു. അങ്ങനെയാണ് സംഗീതം കൊണ്ട് ആരാധകരുടെ സിരകളെ ത്രസിപ്പിക്കുന്ന ഹണി സിംങ്ങിന്റെ ഗാനങ്ങള്‍ ഇതിനായി ഇവര്‍ തെരഞ്ഞെടുത്തത്. തകര്‍പ്പന്‍ പാട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചപ്പോള്‍ തന്നെ കാട്ടു പന്നി ശല്യത്തില്‍ ഫലം കണ്ടു തുടങ്ങി. ഫലമുണ്ടായ സ്ഥിതിക്ക് ഈ തന്ത്രം തന്നെ കാട്ടുപന്നികളെ ഓടിക്കാന്‍ തുടരുകയും ചെയ്തു. കാട്ടുപന്നികളെ ഓടിക്കാനായി മുന്‍പ് പ്രയോഗിച്ച മറ്റേത് വഴികളെക്കാള്‍ ഹണി സിംങ്ങിന്റെ സംഗീതത്തിന് ഫലമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

പാടങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഘടിപ്പിച്ച് പഞ്ചാബി ഗായകന്‍ ഹണി സിംഗിന്റെ പുതിയ പാട്ടുള്‍ വലിയ ശബ്ദത്തില്‍ വച്ചപ്പോള്‍ കാട്ടു പന്നികള്‍ മാത്രമല്ല പാടത്ത് ശല്യമുണ്ടാക്കുന്ന മറ്റ് മൃഗങ്ങളും ഒഴിഞ്ഞുപോയെന്നാണ് കര്‍ഷകര്‍ പറയുന്നത്. മനുഷ്യ സാന്നിധ്യം സ്ഥിരമായുള്ളിടത്ത് കാട്ടു മൃഗങ്ങള്‍ വരില്ലെന്ന അറിവില്‍ നിന്നാണ് പാടങ്ങളില്‍ മനുഷ്യരുണ്ടെന്ന് തോന്നല്‍ മൃഗങ്ങളിലുണ്ടാക്കാനായി പാട്ടുവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. എന്തായാലും പാട്ട് വയ്ക്കണം എന്നാലത് അല്‍പം ചടുലമായ താളങ്ങളുള്ള പാട്ടുകള്‍ തന്നെ ആയിക്കോട്ടെയെന്ന് തോന്നിയപ്പോഴാണ് ഹണി സിംഗിനെ തെരഞ്ഞടുത്തതെന്നും ഇവര്‍ പറഞ്ഞു. പാട്ട് ഏതായാലും പാട്ടു പാടിയ ഗായകന്‍ ആരായാലും സ്വന്തം പാടത്തെത്തുന്ന കാട്ടു പന്നികളെ ഓടിക്കാനായതിന്റെ സന്തോഷത്തിലാണ് ഉത്തരാഖണ്ഡിലെ കര്‍ഷകര്‍.

DONT MISS
Top