റഗ്ബി ഇതിഹാസം ലോമുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ഹക്ക നൃത്തം അവതരിപ്പിച്ചു

lomu

വെല്ലിംങ്ടണ്‍: റഗ്ബി ഇതിഹാസതാരം ജൊനാ ലോമുവിന് ന്യൂസിലന്റ് ആദരമര്‍പ്പിച്ചു. ഓക്‌ലന്റിലെ ഈദന്‍ ദേശീയ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ലോമുവിന് ആദരമെന്നോണം ഹക്ക നൃത്തവും അവതരിപ്പിച്ചു. ന്യൂസിലന്റിലെ മാവോരി ജനത യുദ്ധത്തിന് മുന്നോടിയായി പരമ്പരാഗതമായി അവതരിപ്പിക്കുന്ന പ്രത്യേക നൃത്തമാണ് ഹക്ക നൃത്തം. ന്യൂസിലന്റ് റഗ്ബി ടീം തങ്ങളുടെ മല്‍സരം തുടങ്ങുന്നതിന് മുന്നോടിയായും ഹക്ക അവതരിപ്പിക്കാറുണ്ട്. ആദരമര്‍പ്പിച്ച ചടങ്ങില്‍ പ്രമുഖ റഗ്ബി താരങ്ങളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു.

രണ്ടാഴ്ച മുമ്പാണ് റഗ്ബി ഇതിഹാസമായിരുന്ന ലോമു അന്തരിച്ചത്. നാല്‍പത് വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി വെല്ലിംഗ്ടണ്‍ ഔക്‌ലാന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലോമു ന്യൂസിലാന്റിന്റെ ഓള്‍ ബ്ലാക്‌സ് ടീമില്‍ അംഗമായിരുന്നു. റഗ്ബിക്കും ലോമിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് മുന്‍ റഗ്ബി താരം എറിക് റഷ് പറഞ്ഞു.

1994ല്‍ ഫ്രാന്‍സിനെതിരായ മല്‍സരത്തിലൂടെയാണ് ജൊനാ ലോമു റഗ്ബിയില്‍ തുടക്കം കുറിച്ചത്. ന്യൂസിലാന്റിലെ റഗ്ബി യൂണിയനിലെ പ്രധാനിയായിരുന്ന ഇദ്ദേഹം 1995നും 2002നും ഇടയില്‍ 63 റഗ്ബി മാച്ചുകള്‍ കളിച്ചിട്ടുണ്ട്. 1995ല്‍ നടന്ന റഗ്ബി ലോകകപ്പിലെ താരമായിരുന്നു ലോമു.

DONT MISS
Top