മക്കയില്‍ ആരോഗ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

saudiമക്ക: മക്ക പ്രവിശ്യയില്‍ അനാരോഗ്യകരമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടി. ആരോഗ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ മനുഷ്യജീവന് ഭീഷണിയാകും വിധം പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. പരിശോധനകള്‍ക്കിടയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതെന്ന് കണ്ടെത്തിയ സ്ഥാപനങ്ങളാണ് അധികൃതര്‍ പൂട്ടിയത്.

സൗദി മുനിസിപ്പാലിറ്റി അധികൃതര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. പലചരക്കു കടകള്‍, ഭക്ഷണശാലകള്‍, ചായക്കടകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളാണ് അടച്ചൂപൂട്ടിയിരിക്കുന്നത്. ഏകദേശം അമ്പതോളം സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യത്തെ ഹാനികരമായി ബാധിക്കും വിധം ശോചനീയാവസ്ഥയില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളാണ് അടച്ചൂപൂട്ടിയവയൊക്കെയും.

കഴിഞ്ഞ ആഴ്ചകളില്‍ 350ഓളം സ്ഥാപനങ്ങളില്‍ നഗരസഭാ അധികൃതര്‍ പരിശോധന നടത്തിയതായി മുനിസിപ്പല്‍ മേധാവി എഞ്ചിനീയര്‍ ഹസ്സന്‍ ബിന്‍ സഈദ് ഹന്‍കാര്‍ പറഞ്ഞു. പരിശോധനകളില്‍ വ്യക്തമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കാണ് സീല്‍ വെച്ചത്. സ്വദേശികളും വിദേശികളുമായ പൊതുജനത്തിന്റെ ആരോഗ്യകാര്യം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹസ്സന്‍ ബിന്‍ സഈദ് ഹന്‍കാര്‍ പറഞ്ഞു.

ഭക്ഷ്യയോഗ്യമല്ലാത്ത നിരവധി വസ്തുക്കള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഇറച്ചി, ജ്യൂസ്, പച്ചക്കറികള്‍, പാകം ചയ്യാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, ക്രീം തുടങ്ങിയവയും പിടിച്ചെടുത്തവയില്‍പ്പെടും. പൊതുജന ആരോഗ്യം മുന്‍നിര്‍ത്തി വരും ദിവസങ്ങളിലും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന തുടരുമെന്നും മക്കാ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

DONT MISS
Top