യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നു; അഭയാര്‍ത്ഥികള്‍ ദുരിതത്തില്‍

mas

യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയതോടെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ ദുരിതത്തിലായി. മാസിഡോണിയയാണ് ഏറ്റവും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. കലാപ ബാധിത രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ അഭയാര്‍ത്ഥികളായി സ്വീകരിക്കൂ എന്ന് മാസിഡോണിയ പ്രഖ്യാപിച്ചു.

ശക്തമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മാസിഡോണിയ തങ്ങളുടെ അതിര്‍ത്തിയിലേക്ക് അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നുള്ളൂ. കലാപബാധിത രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ അഭയാര്‍ത്ഥികളായി കണക്കാക്കൂ എന്ന് മാസിഡോണിയ നിലപാട് പ്രഖ്യാപിച്ചു. ഇതോടെ ശ്രീലങ്ക, മൊറോക്കോ, സുഡാന്‍, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ദുരിതത്തിലായി. ഇവര്‍ ഗ്രീസിനും മാസിഡോണിയക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഗ്രീസിലെ തുറമുഖത്ത് 1500-ല്‍ അധികം അഭയാര്‍ത്ഥികള്‍ പ്രവേശനത്തിന് അനുമതി കാത്ത് കിടക്കുകയാണ്. അഭയാര്‍ത്ഥികളുടെ കയ്യിലുള്ളത് വ്യാജ പാസ്‌പോര്‍ട്ട് ആണോ എന്നതാണു പ്രധാന പരിശോധന. വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയ 85 അഭയാര്‍ത്ഥികളെ തടഞ്ഞു വെച്ചതായി ഗ്രീസ് അധികൃതര്‍ അറിയിച്ചു. സെര്‍ബിയന്‍ അതിര്‍ത്തിയിലും അഭയാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുകയാണ്.

സിറിയ,അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമേ രാജ്യത്തേക്ക് കടത്തി വിടൂ എന്നാണ് സെര്‍ബിയയുടെ നിലപാട്. പ്രവേശനം നിഷേധിക്കപെട്ടതിനെ തുടര്‍ന്ന് 200 അഭയാര്‍ത്ഥികള്‍ സെര്‍ബിയന്‍ അതിര്‍ത്തിയില്‍ നിന്ന് മടങ്ങി. എന്നാല്‍ മാസിഡോണിയ അതിര്‍ത്തി അടച്ചതിനാല്‍ ഇവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിയുന്നില്ല.

DONT MISS
Top