മഞ്ഞുകാലമെത്തി: മറയൂരില്‍ പച്ചക്കറി കര്‍ഷകര്‍ ആശങ്കയില്‍

marayoorഇടുക്കി: മഞ്ഞുകാലം വന്നെത്തിയതോടെ മറയൂരിലെ പച്ചക്കറിക്കര്‍ഷകര്‍ ആശങ്കയില്‍. മുമ്പില്ലാത്ത വിധം മഞ്ഞും മഴയും ശക്തമായതാണ് കാന്തല്ലൂരിലെ പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത്.

മഞ്ഞും മഴയും ശക്തമാകുന്നത് പച്ചക്കറി കൃഷിയെ സാരമായി ബാധിച്ചു തുടങ്ങി. കാന്തല്ലൂര്‍, കീഴാന്തൂര്‍, ആടിവയല്‍, പുത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷികളാണ് നശിച്ചുതുടങ്ങിയിരിക്കുന്നത്. ബീന്‍സ്, കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികള്‍ മഞ്ഞും മഴയും ശക്തമായതോടെ ചീഞ്ഞു തുടങ്ങി. രംഭ, വിജയലക്ഷ്മി, എംആര്‍ രാജേന്ദ്രന്‍, കെപി രാമസ്വാമി തുടങ്ങിയ ജൈവകര്‍ഷകരുടെ കൃഷിയിടങ്ങള്‍ പൂര്‍ണമായും നശിച്ചുകഴിഞ്ഞു.

ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് വിളകളേറ്റെടുക്കാത്തതിനാല്‍ കനത്ത നഷ്ടം നേരിട്ട കര്‍ഷകര്‍ കാലാവസ്ഥയും ചതിച്ചതോടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുകഴിഞ്ഞു. മഞ്ഞ് വര്‍ധിക്കുന്നത് ഇവരെ ആശങ്കയിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം നിമിത്തം കൃഷി നശിച്ച കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.

DONT MISS
Top