നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: മന്ത്രിസഭയില്‍ രണ്ടാമനായി തേജസ്വി യാദവ്

nitheesh-kumar

പട്‌ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പട്‌നയിലെ ഗാന്ധി മൈതാനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിക്കസേരയില്‍ അദ്ദേഹത്തിന് ഇത് അഞ്ചാമൂഴമാണ്. ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായിരുന്ന ഹ്രസ്വകാലമൊഴിച്ചാല്‍ 2005 മുതല്‍ നിതീഷ് കുമാര്‍ തന്നെയാണ് ബിഹാറിന്റെ നാഥന്‍.

മന്ത്രിസഭയിലെ രണ്ടാമനായി ലാലുപ്രസാദ് യാദവിന്റെ ഇളയ പുത്രന്‍ തേജസ്വി പ്രതാപ് യാദവ് അധികാരമേറ്റു. തേജസ്വി ഉപമുഖ്യമന്ത്രിയായേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്. മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായത് ലാലുവിന്റെ മൂത്ത പുത്രന്‍ തേജ് പ്രതാപ് യാദവാണ്. തുടര്‍ന്ന് ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖിയാണ്. സിദ്ദിഖിയായിരിക്കും ധനമന്ത്രിയെന്നാണ് സൂചനകള്‍.

മുഖ്യമന്ത്രിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത് മൂന്ന് ആര്‍ജെഡി മന്ത്രിമാരാണ് എന്നത് തന്നെ മന്ത്രിസഭയില്‍ ആര്‍ജെഡിക്കുള്ള വന്‍ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്. നിതീഷ് കുമാറിന്റെ പാദം തൊട്ട് വന്ദിച്ച ശേഷമാണ് തേജസ്വി യാദവും തേജ് പ്രതാപും സത്യപ്രതിജ്ഞ ചെയ്തത്. രാഘവ്പൂര്‍ മണ്ഡലത്തില്‍ നിന്നും 22,733 വോട്ടുകള്‍ക്കാണ് തേജസ്വി വിജയിച്ചത്. മഹുവ മണ്ഡലത്തില്‍ നിന്നും 28,155 വോട്ടുകളുടെ മാര്‍ജിനിലാണ് തേജ് പ്രതാപ് വിജയിച്ചത്.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗ്, മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുതിര്‍ന്ന ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് ലക്ഷത്തോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനായി എത്തിയത്. മുന്‍പെങ്ങും കാണാത്ത അത്രയും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. നിരീക്ഷണത്തിനായി 20 വാച്ച് ടവറുകളും 40 സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു.

DONT MISS
Top