വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്നയാളെ പിടികൂടി

karad-noushadകാസര്‍കോഡ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്ന മൊത്ത വിതരണക്കാരനെ പൊലീസ് പിടികൂടി. കാസര്‍കോഡ് സ്വദേശി നൗഷാദിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തു നിന്നും പൊലീസ് പിടികൂടിയത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പിഎ വല്‍സന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൗഷാദ് എന്ന കാരാട് നൗഷാദിനെ പൊലീസ് പിടികൂടിയത്. മെഡിക്കല്‍ കോളജ് കാമ്പസിലും മറ്റ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലും വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 700 മയക്കുമരുന്ന് ഗുളികകള്‍ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.

ഒരു ഗുളികക്ക് 50 രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇയാള്‍ ഈടാക്കിയിരുന്നത്. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനില്‍ മാത്രം ഇയാളുടെ പേരില്‍ ഇരുപതോളം വിവിധ കേസുകള്‍ നിലവിലുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോസി ചെറിയാന്‍ പറയുന്നു.

ബാംഗ്ലൂരില്‍ നിന്നും ഗോവയില്‍ നിന്നും മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ഗുളികകള്‍ കേരളത്തില്‍ കൊണ്ടു വന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ കാമ്പസുകളില്‍ വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി. കാസര്‍കോഡ് ജില്ലയില്‍ ഇയാളെ പൊലീസ് തിരിച്ചറിയുന്നത് കൊണ്ടാണ് വില്‍പ്പനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റിയത്.

DONT MISS
Top