ഐഎസിനെതിരായ യുദ്ധതന്ത്രങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യം ഒബാമ തള്ളി

അന്റലിയ: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തിന്റെ തന്ത്രങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യം പ്രസിഡന്റ് ബറാക് ഒബാമ തള്ളി. നിലവില്‍ തുടരുന്ന തന്ത്രങ്ങള് വിജയകരമാണെന്നും മാറ്റം വരുത്തേണ്ടതില്ലെന്നും ഒബാമ വ്യക്തമാക്കി. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

സിറയയിലും ഇറാഖിലും തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. തദ്ദേശ സുരക്ഷാ സേനയ്ക്ക് നല്‍കുന്ന സഹായം വര്‍ധിപ്പിക്കും. എന്നാല്‍ ഭീകരവാദം പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഒബാമ വ്യക്തമാക്കി.

barack-obamaസിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവും ഒബാമ തള്ളി. അഭയാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഭീകരവാദികള്‍ രാജ്യത്ത് കടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ ചില രാഷ്ട്രീയനേതാക്കള്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരകളാണ് സിറിയയില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന ജനങ്ങളെന്ന് ഒബാമ ചൂണ്ടിക്കാട്ടി. ആഭ്യന്തരയുദ്ധത്തിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിച്ച ജനങ്ങളാണ് അവര്‍. ഇവര്‍ക്ക് നേരെ ഹൃദയത്തിന്റെ വാതില്‍ കൊട്ടിയടയ്ക്കരുതെന്നും അഭയാര്‍ത്ഥിപ്രശ്‌നവും ഭീകരവാദവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും ഒബാമ ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികളായ അഭയാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കണമെന്ന ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷിന്റെ ആവശ്യം പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സഹാനുഭൂതിയെ സ്വാധീനിക്കാന്‍ മതത്തെ അനുവദിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കൂടുതല്‍ വിശാലമായ യുദ്ധത്തിന് തയ്യാറെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഒബാമ തയ്യാറായില്ല.

ജി20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ബറാക് ഒബാമ.

DONT MISS
Top