പാരിസ് ആക്രമണകാരികള്‍ അഭയാര്‍ത്ഥികളായി എത്തിയവരാണെന്ന് സൂചന: ആശങ്കയോടെ യൂറോപ്യന്‍ രാജ്യങ്ങള്‍

ബര്‍ലിന്‍: പാരിസില്‍ നൂറ്റമ്പതോളം പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭയാര്‍ത്ഥികളുടെ കൂട്ടത്തിലാണ് രാജ്യത്ത് പ്രവേശിച്ചതെന്ന് സൂചന. ഫ്രഞ്ച് പൊലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളുടെ മൃതദേഹത്തില്‍ നിന്നും സിറിയന്‍ പാസ്‌പോര്‍ട്ട് ലഭിച്ചതോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ആശങ്കയിലായി.

paris-attack-afp_650x400_71447471059പുതിയ സംഭവവികാസത്തോടെ അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്. പാരിസ് ആക്രമണത്തിന് പിന്നാലെ പോളണ്ട് അതിര്‍ത്തിയടച്ചു. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പോളണ്ടിന്റെ നടപടി.

മാസങ്ങളായി ലക്ഷക്കണക്കിന് പേരാണ് യുദ്ധക്കെടുതികളില്‍ നിന്നും രക്ഷതേടി അഭയാര്‍ത്ഥികളായി യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയത്. പ്രതിദിനം ആയിരക്കണക്കിന് പേര്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്ന പല രാജ്യങ്ങളും കൂടുതല്‍ പേര്‍ എത്തിയതോടെ നിലപാട് മാറ്റിയിരുന്നു. പല രാജ്യങ്ങളും അതിര്‍ത്തി അടയ്ക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

അഭയാര്‍ത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുവരെ ധാരണയിലെത്തിയിട്ടുമില്ല. ഗ്രീസ് തങ്ങളുടെ രാജ്യത്തെത്തുന്നവരെ മാസിഡോണിയയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഹംഗറി അതിര്‍ത്തിയിലാകെ മുള്ളുവേലി തീര്‍ക്കുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യനാളുകളില്‍ ഓസ്ട്രിയയും ജര്‍മ്മനിയും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ഇരു രാജ്യങ്ങളും നിലപാട് മാറ്റിയിരിക്കുകയാണ്.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളും യോഗം ചേര്‍ന്നിരുന്നെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. 1,60,000 അഭയാര്‍ത്ഥികള്‍ക്ക് എല്ലാ അംഗരാജ്യങ്ങളും ചേര്‍ന്ന് അഭയം കൊടുക്കാന്‍ തീരുമാനിച്ചത് മാത്രമാണ് നേട്ടമെന്ന് പറയാനുള്ളത്. പോളണ്ട് ഈ തീരുമാനത്തില്‍ നിന്നും പിന്നാക്കം പോകുകയും ചെയ്തു.

DONT MISS
Top