മരുന്നു പരീക്ഷണത്തിനുള്ള ചട്ടങ്ങളില്‍ കേന്ദ്രം ഇളവനുവദിച്ചു

medicineദില്ലി: രാജ്യത്ത് മരുന്ന് പരീക്ഷിക്കുന്നതിനും പുറത്തിറക്കുന്നതിനുമുള്ള ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവനുവദിച്ചു. മരുന്നു പരീക്ഷണങ്ങള്‍ക്കുള്ള അപേക്ഷയിന്മേല്‍ അതിവേഗം നടപടിയെടുക്കും.

മറ്റ് രാജ്യങ്ങളില്‍ അംഗീകാരം ലഭിച്ച മരുന്നുകള്‍ ഇനി നേരിട്ട് ഇന്ത്യയില്‍ വിറ്റഴിക്കാം. വിദേശങ്ങളില്‍ അംഗീകാരം ലഭിച്ച മരുന്നുകളാണെങ്കിലും മൃഗങ്ങളിലുള്ള പരീക്ഷണം ഉള്‍പ്പെടെയുള്ളവ ആവര്‍ത്തിച്ചെങ്കില്‍ മാത്രമേ അനുമതി നല്‍കാവൂ എന്നായിരുന്നു മുന്‍പത്തെ വ്യവസ്ഥ. പുതിയ മരുന്നുകളുടെ പരീക്ഷണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന എത്തിക്‌സ് കമ്മറ്റിക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അംഗീകാരം നല്‍കാനുള്ള അധികാരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് തന്നെയാണ്.

പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ച് മരുന്ന് കമ്പനികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. മരുന്ന് പരീക്ഷണത്തിന് അനുമതി നല്‍കുമ്പോള്‍ രോഗികളുടെ സുരക്ഷ കണക്കിലെടുക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

അക്കാദമിക് ഗവേഷണങ്ങളുടെ നിയന്ത്രണത്തിലും ഇളവനുവദിച്ചിട്ടുണ്ട്. എത്തിക്‌സ് കമ്മറ്റിയുടെ അനുമതി ലഭിച്ചാല്‍ ഇനി മുതല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഡിസിജിഐയുടെ അനുമതി ആവശ്യമില്ല.

DONT MISS
Top