ഐപിഎല്‍ ക്രിക്കറ്റിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി

ipl

മുംബൈ: ഐപിഎല്‍ ക്രിക്കറ്റിന്റെ അടുത്ത സീസണിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നു. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയതിന് പകരമായിട്ടാണ് രണ്ട് ടീമുകള്‍ ഐപിഎല്ലിലേക്ക് എത്തുന്നത്. നവംബര്‍ 15 മുതല്‍ പുതിയ രണ്ട് ടീമുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കും. ടീമിലെത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിസിസിഐയുമായി ധാരണയിലെത്താന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ട്. ഐപിഎല്‍ ചെയര്‍മാര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. പുതിയതായി വരുന്ന രണ്ട് ടീമുകള്‍ ഏതെന്ന കാര്യം ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും.

എന്നാല്‍ കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സിന് ഈ സീസണിലും ഐപിഎല്ലില്‍ ഇടം പിടിക്കാനാവില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. കൊച്ചിക്ക് പുറമേ ജയ്പൂരിനെയും ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗം തള്ളിക്കളഞ്ഞിട്ടുണ്ട്. നേരത്തെ ബിസിസിഐ കൊച്ചി ടീമിന് കൊടുക്കാനുള്ള 900 കോടിയോളം രൂപയ്ക്ക് പകരമായി ഐപിഎല്ലില്‍ കളിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ ഉള്ളത്. രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകള്‍ക്ക് വിലക്കുള്ളതിനാല്‍ ആറ് ടീമുകളായി കുറഞ്ഞിട്ടുണ്ട്. ആറ് ടീമുകളുമായി ഐപിഎല്‍ നടത്തുന്നതില്‍ പ്രതിസന്ധിയുള്ളതിനാലാണ് രണ്ട് ടീമുകളെക്കൂടി ഉള്‍പ്പെടുത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം വിലക്ക് തീര്‍ന്ന് ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ വരുമ്പോള്‍ അവരെയും ഉള്‍പ്പെടുത്താനാണ് സാധ്യതയെന്ന് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ടീമുകളെ വരെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്.

DONT MISS
Top