പുരസ്‌കാര വിവാദത്തില്‍ പ്രതികരിച്ച് കമല്‍ഹാസന്‍: ബ്രിട്ടനില്‍ നിന്നുള്ള നിയമബിരുദം ഗാന്ധിജി തിരിച്ചു കൊടുത്തിരുന്നില്ല

ചെന്നൈ: അസഹിഷ്ണുതാ വിവാദത്തെ ചൊല്ലി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നവര്‍ക്കെതിരെ ഉലകനായകന്‍ കമല്‍ഹാസന്‍ രംഗത്ത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുമ്പോഴും ബ്രിട്ടനില്‍ നിന്നുള്ള നിയമബിരുദം മഹാത്മാ ഗാന്ധി തിരിച്ചു കൊടുത്തിരുന്നില്ലെന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

kamal-hassanബ്രിട്ടനെതിരെ ശക്തമായ നിലപാടാണ് മഹാത്മാ ഗാന്ധി സ്വീകരിച്ചത്. എന്നാല്‍ ബ്രിട്ടനില്‍ നിന്നും നേടിയ ബിരുദം അദ്ദേഹം തിരിച്ചു നല്‍കിയില്ല. പുരസ്‌കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. ഇത്തരം നടപടികളിലൂടെ എന്ത് നേട്ടമാണുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ സര്‍ക്കാര്‍ നല്‍കിയതല്ല. ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് അവര്‍ക്ക് തോന്നിയതിനാലാണ് തന്നെ അതിനായി തെരഞ്ഞെടുത്ത്. അവരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെയോ സുഹൃത്തുക്കളുടെയോ സഹോദരങ്ങളുടെയോ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി തോന്നിയാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഫ് വിഷയത്തെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. നിങ്ങള്‍ക്ക് ബീഫ് ഇഷ്ടമല്ലെങ്കില്‍ കഴിക്കേണ്ടതില്ല. താന്‍ ബീഫ് കഴിക്കുമായിരുന്നു. എന്നാല്‍ തന്നെക്കാള്‍ വലിയ മൃഗങ്ങളെ ആഹാരമാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ ബീഫ് ഉപേക്ഷിച്ചിരിക്കുകയാണ്. ഭക്ഷണം ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. മറ്റുള്ളവരുടെ ഭക്ഷണക്രമം നിശ്ചയിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

കമല്‍ഹാസന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാത്തതിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും പദ്മഭൂഷണ്‍ പുരസ്‌കാരവും നേടിയ വ്യക്തിയാണ് കമല്‍ഹാസന്‍.

DONT MISS
Top