കുവൈത്തില്‍ അനുമതി ഇല്ലാതെ ഒത്തു ചേരുന്നതും പ്രകടനം നടത്തുന്നതും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം

kuwait

കുവൈത്ത് സിറ്റി:  കുവൈത്തില്‍ അനുമതി ഇല്ലാതെ ഒത്തു ചേരുന്നതും പ്രകടനം നടത്തുന്നതും നിയന്ത്രിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് നേരത്തെയുള്ള നിയമം കൂടുതല്‍ കര്‍ശനമാക്കാനും മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ഇനിമുതല്‍ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ അനുമതി ലഭിച്ചാല്‍ മാത്രമേ യോഗങ്ങളും പ്രകടനങ്ങളും നടത്താന്‍ പാടുള്ളുവെന്ന് ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.  കൂടാതെ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതും വാര്‍ത്തകള്‍ പുറത്തു വിടുന്നതും സൈബര്‍ കുറ്റാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കും.

കഴിഞ്ഞ ദിവസം ഹവല്ലിയില്‍ സ്വദേശികളുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഈജിപ്ഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ഈജിപ്ഷ്യന്‍ എംബസിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ നൂറു കണക്കിനു ഈജിപ്തുകാരെ സുരക്ഷാ മന്ത്രാലയം അറസ്റ്റ് ചെയ്യുകയും ചെയ്തു.   കൂടാതെ കുവൈത്തിനെതിരെ സോഷ്യല്‍ മീഡിയകള്‍ വഴി വിദ്വേഷകരമായ പോസ്റ്റുകള്‍ നടത്തിയതിനു നാല് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.  ഇതേ തുടര്‍ന്നാണു ആഭ്യന്തര മന്ത്രാലയം നേരത്തെയുണ്ടായിരുന്ന നിയമം കര്‍ശനമാക്കിയത്.

DONT MISS
Top