കുവൈത്തില്‍ നിരവധി ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍

കുവൈത്തില്‍ ദുരൂഹ സാഹചര്യത്തില്‍ നിരവധി ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. കഴിഞ്ഞ നവരാത്രി ദിനത്തില്‍ മംഗഫ് കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണു പിടിയിലായവര്‍. ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. വിഷയത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നാണു സൂചന.

കഴിഞ്ഞ ഒക്‌റ്റോബര്‍ 23നു നവരാത്രി ദിനത്തോട് അനുബന്ധിച്ച് പ്രാദേശിക സംഘടന നടത്തിയ പരിപാടിയില്‍ പങ്കെടുത്തവരാണു കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായിരിക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത കര്‍ണ്ണാടക നവ ചേതന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മംഗഫിലെ ഒരു ഹാളില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. പിടിയിലായവരില്‍ സംഘടനയുടെ പ്രസിഡന്റ് അശോക് സെല്ലിയാനും ഉള്‍പ്പെടുന്നു. പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാക്കുന്ന തരത്തില്‍ ശബ്ദ കോലാഹലം ശ്രിഷ്ടിച്ചതിനും അനുമതി കൂടാതെ ഒത്തു ചേര്‍ന്നതിനുമാണു ‘ഇവരെ കസ്റ്റഡിയില്‍ എടുത്തത് എന്നാണു ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം.

11 ഇന്ത്യന്‍ പൗരന്മാര്‍ അറസ്റ്റിലായ വിവരം ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പിടിയില്ലായവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നാണു അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.രാജ്യത്തെ നിയമത്തിനു വിരുദ്ധമായി ഇവരുടെ ഭാഗത്തു നിന്നും എന്തെങ്കിലും ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമ പരമായി മുന്നോട്ട് പോകുവാനും അല്ലാത്ത പക്ഷം കസ്റ്റഡിയില്‍ എടുത്ത തങ്ങളുടെ പൗരന്മാരെ ഉടന്‍ തന്നെ വിട്ടയക്കാനും ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലത്തിനു കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ വിഷയത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയവും ശക്തമായി ഇടപെടുമെന്നാണു സൂചന.

DONT MISS
Top