രാജ്യാന്തര മത്സരങ്ങള്‍ നടക്കുമ്പോള്‍ ഐഎസ്എല്‍ മത്സരങ്ങള്‍ അനുവദിക്കരുതെന്ന് സുനില്‍ ഛേത്രി

sunil chhetriഇന്ത്യന്‍ ടീമിന്റെ രാജ്യാന്തര മത്സരങ്ങള്‍ നടക്കുമ്പോള്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കാന്‍ അനുവദിക്കരുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റനും മുംബൈ സിറ്റി എഫ്‌സി താരവുമായ സുനില്‍ ഛേത്രി. അന്താരാഷ്ട്ര മത്സരം നടക്കുമ്പോള്‍ ആഭ്യന്തര ലീഗ് മത്സരവും നടക്കുന്നത് കേട്ടിട്ടില്ലാത്ത സംഭവമാണ്. ദേശീയ ടീമിന്റെ മോശം പ്രകടനത്തിന് ആരാധകര്‍ മാപ്പ് നല്‍കണമെന്നും ഛേത്രി പറഞ്ഞു.

ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ കളിക്കുമ്പോള്‍ രാജ്യത്ത് ഐഎസ്എല്‍ മത്സരങ്ങള്‍ നടന്നതാണ് സുനില്‍ ഛേത്രിയെ ചൊടിപ്പിച്ചത്. ലോകത്തൊരിടത്തും കേട്ടിട്ടില്ലാത്ത കാര്യമാണിത്. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ലീഗ് മത്സരങ്ങള്‍ക്ക് അനുമതി നല്‍കരുത്. ഭാവിയിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും ഇന്ത്യയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ പറഞ്ഞു.

ഐഎസ്എല്ലില്‍ മുംബൈ സിറ്റി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിന്റെ ആഹ്ലാദമുണ്ടെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ ദയനീയ പ്രകടനം നിരാശപ്പെടുത്തുന്നു. ആരാധകര്‍ മാപ്പ് നല്‍കണം, ക്ഷമയോടെ പിന്തുണക്കണം ഛേത്രി പറഞ്ഞു.

ഐ ലീഗില്‍ ബംഗ്‌ലൂരു എഫ്‌സിക്ക് വേണ്ടി ഇറങ്ങുമ്പോള്‍ പരമാവധി പതിനായിരം കാണികളെ കാണുന്ന താന്‍ ഐഎസ്എല്ലിനെത്തുന്ന ആരാധകരെ കണ്ട് അത്ഭുതപ്പെട്ടുവെന്നും ഛേത്രി പറഞ്ഞു. പരിശീലകനായല്ല ഒരു പ്രചോദകനായാണ് അനെല്‍ക്ക ഇടപെടുന്നതെന്നും സുനില്‍ ഛേത്രി ആഭിപ്രായപ്പെട്ടു

DONT MISS
Top