ഈ സ്ഥാനാര്‍ത്ഥികള്‍ വിധവകളാണ്

widow1കോട്ടയം: സമൂഹം കല്‍പ്പിക്കുന്ന അവഗണനകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ സ്വരവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് കോട്ടയം ജില്ലയിലെ വിധവകള്‍. ജില്ലയില്‍ വിവിധ വാര്‍ഡുകളിലായി വിധവാ വെല്‍ഫെയര്‍ സംഘത്തിന്റെ 14 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

വൈധവ്യം സ്ത്രീയുടെ ശാപമാണെന്നും ഭര്‍ത്താവിന്റെ മരണത്തിന് കാരണം ഭാര്യയുടെ ജാതകദോഷങ്ങളാണെന്നും കരുതുന്നവര്‍ക്കുള്ള മറുപടിയാണ് വിധാവാ വെല്‍ഫെയര്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഏതെങ്കിലും കാരണത്താല്‍ ഭര്‍ത്താവ് മരിച്ചുപോയാല്‍ സ്ത്രീ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ധാരാളമാണെന്നും സമൂഹം വിധവകളെ അവഗണിക്കുകയാണെന്നും വിധവകളുടെ സംഘടന വിലയിരുത്തുന്നു. ഇത്തരം അവഗണനകള്‍ക്ക് നേരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിധവകളുടെ സംഘടയിലെ അംഗങ്ങളെ പ്രേരിപ്പിച്ചത്.

കടുത്തുരുത്തിയില്‍ 3 ഉം, ഉഴവൂര്‍, വെമ്പള്ളി ,ഞീഴൂര്‍, കുരാപ്പട, മുളക്കുളം, മണിമല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായി 14 ഉം വിധവാ സ്ഥാനാര്‍ത്ഥികളെയാണ് വിധവകളുടെ സംഘടന മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക, നിര്‍ദ്ധനരായ സ്ത്രീകളെയും അമ്മമാരെയും സഹായിക്കുക എന്നിവയാണ് സംഘടന മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങള്‍.

സാക്ഷരതയിലും രാഷ്ട്രീയ പ്രുബുദ്ധതയിലും രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങളില്‍ നിന്നുപോലും വിധവകള്‍ അകറ്റിനിറുത്തപ്പെടുന്നുണ്ടെന്നും ഇതിനൊക്കെ പരിഹാരം കണ്ടേ തീരുവെന്നും വിധാവാ സ്ഥാനാര്‍ത്ഥികള്‍ പറയുന്നു. വിജയമോ പരാജയമോ അല്ലമുഖ്യമെന്നും വിധവകളെന്ന ഒരു വലിയ വിഭാഗം സ്ത്രീകള്‍ കേരളത്തില്‍ ജീവിക്കുന്നുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും വിധാവാ സംഘത്തിന്റെ നേതാക്കള്‍ പറയുന്നു.

DONT MISS
Top