ദക്ഷിണേഷ്യയിലെ ഭൂചലനം:മരണം 360 കവിഞ്ഞു: 2000 ത്തിലേറെ പേര്‍ക്ക് പരുക്ക്

പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 360 ആയി. 2000ത്തിലേറെ  പേര്‍ക്ക് പരുക്കേറ്റു. പാകിസ്താനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത്. പാകിസ്ഥാനില്‍ 232 പേര്‍ കൊല്ലപ്പെടുകയും 1632 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുരന്തം കൂടുതല്‍ നാശം വിതച്ച പര്‍വ്വതമേഖലകളില്‍ അടക്കം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ 82 പേര്‍ കൊല്ലപ്പെടുകയും 260ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്..

ഇന്ത്യയില്‍ കശ്്മീര്‍ മേഖലയില്‍ മൂന്നു പേര്‍ മരിച്ചതായാണ് സൂചന. തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ് 7.5 തീവ്രതയുള്ള ഭൂചലനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയെ പിടിച്ചുലച്ചത്. അഫ്ഗാനിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും പാകിസ്താന്റെ വടക്കന്‍ മേഖലയിലും ഭൂകമ്പം കനത്ത നാശനഷ്ടം വിതച്ചു.
അഫ്ഗാനിസ്ഥാന്‍പാക്കിസ്താന്‍ അതിര്‍ത്തിയായ ഹിന്ദുക്കുഷ് മലനിരകള്‍ക്കു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാനും പാക്കിസ്താനും പുറമെ ഇന്ത്യയുടെ പല ഭാഗങ്ങളിലും തജിക്കിസ്ഥാനിലും ഭൂകമ്പം അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ 12 സ്‌കൂള്‍ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പത്തിനിടെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കവെ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടികള്‍ മരിച്ചത്.അപകടമുണ്ടായ ഗ്രാമീണമേഖലകളിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തത് മരണസംഖ്യ ഉയരാന്‍ കാരണമായേക്കുമെന്നും ആശങ്കയുണ്ട്.

അതേസമയം ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ യുഎന്‍ സന്നദ്ധ സംഘങ്ങളെ അയയ്ക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. ദുരന്തബാധിത മേഖലകളിലുള്ളവര്‍ക്ക് എല്ലാ തരത്തിലുമുള്ള സഹായങ്ങള്‍ക്ക് ഇന്ത്യ സന്നദ്ധമാണെന്ന് മോദിയും ട്വിറ്ററില്‍ കുറിച്ചു. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദി അറിയിച്ച പാകിസ്താന്‍ നിലവില്‍ പുറത്തു നിന്നുള്ള സഹായം തേടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.

DONT MISS
Top