ഇന്ത്യയില്‍ തനിക്ക് ജീവന് ഭീഷണി; ബാലിയില്‍ നിന്നും സിംബാബ്‌വെയിലേക്ക് മാറ്റണമെന്ന് ഛോട്ടാ രാജന്‍

ബാലി: ഇന്ത്യയില്‍ തനിക്ക് ജീവനു ഭീഷണിയുള്ളതിനാല്‍ ബാലിയില്‍ നിന്നും സിംബാബ്‌വെയിലേക്ക് മാറ്റണമെന്ന് പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജന്‍ ബാലി പൊലീസിനോട് ആവശ്യപ്പെട്ടു.

പോലീസ് കസ്റ്റഡിയില്‍ ആണെങ്കിലും തങ്ങളുടെ മുഖ്യ ശത്രുവായ ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന് ഛോട്ടാ ഷക്കീല്‍ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ജീവനു ഭീഷണി ഉണ്ടെന്നു കാണിച്ച് തന്നെ സിംബാബ്‌വേയിലെ ജയിലിലേക്കു മാറ്റാന്‍ ബാലി പൊലീസിനോട് ഛോട്ടാ രാജന്‍ ആവശ്യപ്പെട്ടത്. ഛോട്ടാ രാജനെ ഇല്ലാതാക്കും വരെ തങ്ങള്‍ അടങ്ങിയിരിക്കില്ലെന്ന് ഛോട്ടാ ഷക്കീല്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൈമാറുന്നതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി സിംബാബ്‌വേയിലേക്ക് മാറ്റാന്‍ ഛോട്ടാ രാജന്‍ അപേക്ഷിച്ചത്.

ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ആയിരുന്ന ഛോട്ടാ രാജന്‍ ഓസ്‌ട്രേലിയയില്‍ മറ്റൊരു പേരില്‍ താമസിച്ചു വരികയായിരുന്നു. ഓസ്‌ട്രേലിയന്‍ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്തോനീഷ്യന്‍ പൊലീസ് ഛോട്ടാ രാജനെ ഒക്ടോബര്‍ 25നാണ് അറസ്റ്റ് ചെയ്തത്.

DONT MISS
Top