ഉംറ തീര്‍ത്ഥാടനത്തിന് മുന്‍പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ശൂറാ കൗണ്‍സില്‍

റിയാദ്: ഉംറ തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഹറം അതോറിറ്റിയോട് സൗദി ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

അടുത്ത മാസം നവംബര്‍ 13 ന് ആരംഭിച്ച് 2017 ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് വരാനിരിക്കുന്ന ഉംറ സീസണ്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സൗകര്യങ്ങളും ആവശ്യമായ സേവനങ്ങള്‍ ഒരുക്കുന്നതിലും നിലവാരം ഉറപ്പുവരുത്തണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. അടുത്ത ഉംറ സീസണില്‍ ഒരു കോടി തീര്‍ഥാടകര്‍ പുണ്യ നഗരങ്ങളിലെത്തുമെന്നാണ് സൗദി ഹജ്ജ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 60 ലക്ഷം തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. തീര്‍ഥാടകരുടെ വര്‍ധനയ്ക്കനുസരിച്ച് മുന്നൊരുക്കം ആവശ്യമാണെന്ന് ശൂറ കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ആല്‍ശൈഖ് അഭിപ്രായപ്പെട്ടു.

പുണ്യസ്ഥലത്തിന്റെ പവിത്രത ഉള്‍ക്കൊളളുന്നതായിരിക്കണം തീര്‍ഥാടകരോടുളള പെരുമാറ്റം. ഹറമുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. മക്ക ഹറം വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും. ഇതനുസരിച്ച് 2018ലെ ഉംറ സീസണില്‍ ആറ് കോടി തീര്‍ഥാടകര്‍ പുണ്യ ഭൂമിയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്.

DONT MISS
Top