യുഎന്‍ പൊതുസഭയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചു; നവാസ് ഷരീഫിനെതിരെ കോടതിയലക്ഷ്യ കേസ്

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇംഗ്ലീഷില്‍ സംസാരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ കോടതിയലക്ഷ്യ കേസ്. രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ക്ക് പാകിസ്താന്റെ ദേശീയ ഭാഷയായ ഉറുദു ഉപയോഗിക്കണമെന്ന സുപ്രീം കോടതി വിധി നിലവിലുണ്ടായിരുന്നു. ഇത് പാലിക്കാത്തതിനാണ് ഷരീഫിനെതിരെ കേസ്.

സെപ്റ്റംബറില്‍ പാക്ക് ഭരണഘടനയുടെ 251ആം ആര്‍ട്ടിക്കിള്‍ പ്രകാരം ഉറുദു ഔദ്യോഗിക ഭാഷയാക്കുന്നതിന് സുപ്രീം കോടതി പാക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ വിധിയുടെ ഭാഗമായാണ് ഔദ്യോഗിക ചര്‍ച്ചകളിലും ഇംഗ്ലീഷിന് പകരം ഉറുദു തന്നെ ഉപയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നവാസ് ഷരീഫിന്റെ യുഎന്‍ പൊതുസഭയിലെ ഇംഗ്ലീഷ് പ്രസംഗമെന്ന് ആരോപിച്ച് സാഹിദ് ഗനിയെന്നയാളാണ് കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തുടങ്ങിയവര്‍ അവരവരുടെ ദേശീയ ഭാഷയിലാണ് അന്ന് യുഎന്‍ പൊതുസഭയില്‍ സംസാരിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ഷരീഫ് സംസാരിച്ചത് ഇംഗ്ലീഷിലും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 204, 2003ലെ കോടതിയലക്ഷ്യ ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം നവാസ് ഷരീഫിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന യൂസഫ് റാസാ ഗീലാനിക്ക് മുമ്പ് കോടതിയലക്ഷ്യകേസില്‍ ഒരു മിനിറ്റ് മാത്രം നീണ്ട ശിക്ഷ വിധിച്ചിരുന്നു.

DONT MISS
Top