മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ഫ്രാഞ്ചൈസി സഞ്ജയ് ദത്ത് സ്വന്തമാക്കി

മുംബൈ: വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി ആരംഭിക്കുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ഫ്രാഞ്ചൈസി ബോളിവുഡ് താരം സഞ്ജയ് ദത്ത് സ്വന്തമാക്കി. 1993 ലെ ബോംബെ സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്തിനു വേണ്ടി ഭാര്യ മാന്യതയാണ് ഫ്രാഞ്ചൈസി വാങ്ങിയത്. സഞ്ജയ് ദത്ത് തടവിലായതിനു ശേഷം മാന്യതയാണ് ബിസിനസ് സംരഭങ്ങള്‍ നോക്കിനടത്തുന്നത്. അടുത്ത വര്‍ഷത്തോടെ ജയിലില്‍ നിന്നും ഇറങ്ങുന്ന സഞ്ജയ് ദത്ത് ഫ്രാഞ്ചൈസിയുടെ കാര്യങ്ങള്‍ ഏറ്റെടുക്കും.

കായിക വിനോദങ്ങളില്‍ നേരത്തെ തന്നെ തങ്ങള്‍ തത്പരരാണ്. ചെറുപ്പം മുതല്‍ സഞ്ജയ് കായിക മത്സരങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും മാന്യത പറഞ്ഞു. എല്ലാ ഇന്ത്യക്കാരെയും പോലെ ഞങ്ങള്‍ക്കും ക്രിക്കറ്റിനോട് വളരെ താല്‍പര്യമാണ്. സേവാഗ്, ലാറ, കാലിസ് തുടങ്ങിയവരെപ്പോലുള്ള ഇതിഹാസതാരങ്ങള്‍ കളിക്കുന്ന ലീഗിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ആവേശകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2012ല്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സിനു വേണ്ടി രൂപീകരിച്ച സൂപ്പര്‍ ഫൈറ്റ് ലീഗിലാണ് സഞ്ജയ് ദത്ത് ആദ്യമായി നിക്ഷേപം നടത്തുന്നത്. ചലച്ചിത്ര താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പമായിരുന്നു ഇത്.

ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണും ഒന്നിച്ചാരംഭിക്കുന്ന എംസിഎല്‍ ദുബായി ആസ്ഥാനമായാണ് നടക്കുക. കഴിഞ്ഞ ദിവസം വിരമിച്ച വിരേന്ദര്‍ സെവാഗും മത്സരത്തിന്റെ ഭാഗമാകും. ആദം ഗില്‍ക്രിസ്റ്റ്, ബ്രയാന്‍ ലാറ, വസിം അക്രം, ജാക് കാലിസ്, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, റിക്കി പോണ്ടിംഗ് എന്നീ പ്രമുഖരും പങ്കെടുക്കും.

DONT MISS
Top