പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദത്തിനും കലാപത്തിനും വഴിയൊരുക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലി: പഞ്ചാബില്‍ കലാപം സൃഷ്ടിക്കാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഖലിസ്ഥാന് വേണ്ടിയുള്ള വാദം വീണ്ടും ശക്തിപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. പഞ്ചാബികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് നശിപ്പിക്കപ്പെട്ട നിലയില്‍ പലയിടത്തും കണ്ടെത്തുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫരീദ്‌കോട്ടില്‍ കഴിഞ്ഞ ദിവസം വിശുദ്ധഗ്രന്ഥം നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കലാപം സൃഷ്ടിക്കുന്നതിനുള്ള ധനസഹായം ലഭിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നും ദുബായില്‍ നിന്നുമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ബബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ലഷ്‌കര്‍-ഇ-തോയ്ബ അംഗങ്ങളും ഐഎസ്‌ഐ ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ സഹായത്തോടെ ഐഎസ്‌ഐ ഇരുപതോളം തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പഞ്ചാബിന്റെ ഭൂമിശാസ്ത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് വ്യക്തമാക്കി കൊടുത്തത് ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സാണ്.

DONT MISS
Top