എച്ച്.ഐ.വി ബാധിതനായ ഓട്ടോ ഡ്രൈവര്‍ രോഗം പകര്‍ന്നത് 300 സ്ത്രീകള്‍ക്ക്

ഹൈദരാബാദ്: എച്ച്.ഐ.വി ബാധിതനായ ഓട്ടോ ഡ്രൈവര്‍ 300 ഓളം സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നതായി കുറ്റസമ്മതം നടത്തി. ഹെദരാബാദില്‍ സുഹൃത്തിന്റെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 31കാരനായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. എച്ച്.ഐ.വി ബാധിതനാണെന്ന് അറിഞ്ഞതു മുതല്‍ സ്ത്രീകളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.

വീട്ടമ്മമാര്‍ അടക്കമുള്ള 300ഓളം സ്ത്രീകളുമായാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മൂന്നു തവണ വിവാഹിതനായ ഇയാളെ സ്വഭാവദൂഷ്യം മൂലം മൂന്നു ഭാര്യമാരും ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉപ്പല്‍ സെവല്‍ ഹില്‍സ് കോളനി സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ നല്‍കിയ പരാതിയാണ് ഓട്ടോ ഡ്രൈവറെ കുടുക്കിയത്. ഓഗസ്റ്റ് 5ന് ഭാര്യയുമൊത്ത് യാത്രപോയ എഞ്ചിനീയര്‍ തന്റെ വീടിന്റെ താക്കോല്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയിരുന്നു. ഓട്ടോ ഡ്രൈവറും ഈ സംഘത്തിലുണ്ടായിരുന്നു. രണ്ടു മാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായ വിവരം അറിഞ്ഞത്. പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ 17ന് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് മോഷണത്തിനൊപ്പം എച്ച്.ഐ.വി വൈറസ് പകര്‍ന്നതിന്റെ വിവരവും പോലീസിന് ലഭിച്ചത്.

താന്‍ സ്ഥിരമായി വേശ്യകളെ തേടിപ്പോകാറുണ്ടെന്നും വഴിവിട്ട മറ്റു ബന്ധങ്ങളും തനിക്കുണ്ടെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. രോഗബാധിതനാണെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അറിഞ്ഞത്. അതിനു മുന്‍പും ശേഷവും സുരക്ഷിതമായ ലൈംഗിക മാര്‍ഗം സ്വീകരിച്ചിരുന്നില്ല. തന്റെ ഓട്ടോയില്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതു വഴിയാണ് വീട്ടമ്മമാരുമായി ബന്ധം സ്ഥാപിച്ചതെന്നും ഇയാള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

DONT MISS
Top