ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണം വെള്ളം കുടിച്ചാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ശാശ്വതീകാനന്ദ അടിയൊഴുക്കില്‍പ്പെട്ട് പുഴയില്‍ മുങ്ങിത്താണുവെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് മറ്റ് സംശയങ്ങളൊന്നും തന്നെയില്ലെന്നും ക്രൈംബ്രാഞ്ച്.

ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെന്നും ഇതിന് പിന്നില്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നുമായിരുന്നു ബിജു രമേശിന്റെ ആരോപണം. പ്രവീണ്‍ വധക്കേസിലെ പ്രതി എസ്എന്‍ഡിപി പ്രവര്‍ത്തകനായ പ്രിയനാണ് കൊലപ്പെടുത്തിയത്. ജയില്‍ വെച്ച് പ്രിയന്‍ കുറ്റസമ്മതം നടത്തിയതായും ബിജു രമേശ് പറഞ്ഞിരുന്നു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്കും മകന്‍ തുഷാറിനും പങ്കുണ്ടെന്ന ബിജുവിന്റെ ആരോപണങ്ങള്‍ തള്ളി വെള്ളാപ്പള്ളിയും രംഗത്തെത്തിയിരുന്നു. ശാശ്വതീകാനന്ദയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് നല്ല തീരുമാനമാണ്. ബിജു രമേശ് നടത്തുന്നത് വ്യക്തിഹത്യയാണ്. സ്ഥിരമായി ആളുകളെ വ്യക്തിഹത്യ നടത്തുന്നയാളാണ് ബിജു രമേശ്. ഈ ആരോപണങ്ങളെല്ലാം ഹൈക്കോടതി വരെ തള്ളിയതാണെന്നും ബിജു രമേശ് പറയുന്ന പ്രിയന്‍ എന്നൊരാളെ താന്‍ കണ്ടിട്ടുപോലുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍

9.30ന് മണിക്ക് ആലുവ അദ്വൈതാശ്രമത്തിനോട് ചേര്‍ന്നുള്ള പെരിയാര്‍ പുഴയിലെ ആശ്രമം കടവില്‍ കുളിക്കാനിറങ്ങിയ സമയം സാദൃശ്ചികമായി കാല്‍ വഴുതി വെള്ളത്തില്‍ വീണ് മുങ്ങിത്താഴ്ന്ന് ശ്വാസം മുട്ടി മരിക്കാന്‍ ഇടയായ കേസാകുന്നു.

ഞാന്‍ ഈ കേസിലേക്ക് നടത്തിയ അന്വേഷണങ്ങള്‍ കൊണ്ടും മെഡിക്കല്‍ ലീഗല്‍ അഡൈ്വസറെ കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടും ഡയാറ്റം ടെസ്റ്റ് റിസല്‍ട്ടും പരിശോധിപ്പിച്ചതില്‍ നിന്നും കണ്ട് ചോദിച്ച സാക്ഷിമൊഴികളില്‍ നിന്നും 1-07-2002 തീയതി ആലുവ അദ്വൈതാശ്രമത്തില്‍ വെച്ച് നടത്താനിരുന്ന ശിവഗിരി ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരുടെ മീറ്റിങ്ങിലും മറ്റു പരിപാടികളിലും പങ്കെടുക്കുന്നതിനായി സഹായികളായ സാബു, സുഭാഷ്, സ്വാമി സൂക്ഷ്മാനന്ദ എന്നിവരൊന്നിച്ച് 1-07-2002തീയതി രാവിലെ 8.45 മണിയോടു കൂടി ആലുവ അദ്വൈതാശ്രമത്തിലെത്തിയ ശാശ്വതീകാനന്ദ സ്വാമി രാവിലെ 9.30 മണിയോടു കൂടി സഹായിയായ സാബുവും ഒന്നിച്ച് കുളിക്കുന്നതിനായി ആലുവ അദ്വൈതാശ്രമം കോമ്പൗണ്ടിന്റെ കിഴക്ക് വശത്തുള്ള ശാന്തി മന്ദിരത്തിന്റെ വടക്ക് കിഴക്ക് വശത്തുള്ള ശാന്തിമന്ദിരത്തിന്റെ വടക്ക് വശത്ത്- കിഴക്ക് പടിഞ്ഞാറായി ഒഴുകുന്ന പെരിയാര്‍ പുഴയുടെ തെക്ക് അരികില്‍ ആശ്രമം കോമ്പൗണ്ടില്‍ നിന്നും പെരിയാര്‍ പുഴയിലേക്ക് ഇറങ്ങുന്നതിന് കെട്ടിയിട്ടുള്ള നടയില്‍ താഴത്തെ നടയില്‍ എത്തി, ജുബ്ബ,മുണ്ട്, മോതിരം എന്നിവ ഊരി സഹായി സാബുവിനെ ഏല്‍പ്പിച്ച ശേഷം ഉത്തരീയം ഉടുത്ത് ആലുവ പുഴയില്‍ ഇറങ്ങി ഒന്നു രണ്ടു തവണ മുങ്ങി വന്ന് സാബുവിന്റെ കൈയ്യില്‍ നിന്നും സോപ്പ് വാങ്ങി തേച്ച ശേഷം വീണ്ടും പുഴയില്‍ ഇറങ്ങി മുങ്ങിയ സമയം യാദൃശ്ചികമായി എങ്ങനെയോ അടിയൊഴുക്കില്‍ പെട്ട് പുഴയില്‍ മുങ്ങിത്താഴ്ന്ന് വെള്ളം കുടിച്ച് ശ്വാസം മുട്ടി മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും മരണകാര്യത്തില്‍ മറ്റു സംശയങ്ങള്‍ ഒന്നും ഇല്ലായെന്നും നിസംശയം വെളിവായിട്ടുള്ളതാണ്.

ഇതോടു കൂടി ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ഈ കേസ് Death due to drowning ആയി പരിഗണിച്ച് ബഹു.കോടതി ഫയലില്‍ നിന്നും കുറവ് ചെയ്യുന്നതിലേക്കായി തീര്‍ച്ച റിപ്പോര്‍ട്ട് തയ്യാറാക്കി അസ്സല്‍ പകര്‍പ്പും ആവലാതിക്കാരനു നടത്തി R.C നോട്ടീസും ഒന്നിച്ച് അയച്ച് അപേക്ഷിച്ചു കൊള്ളുന്നു.

DONT MISS
Top