ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേ നാളെ ആരംഭിക്കും; 80 ശതമാനം വരെ ഡിസ്‌കൗണ്ട്

ഫ്ലിപ്പ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ഉത്സവമായ ബിഗ് ബില്യന്‍ ഡേസ് നാളെ ആരംഭിക്കും. 500 മില്യന്‍ ഡോളര്‍ അതായത് 3250 കോടി ഡോളറിന്റെ വില്‍പ്പനയാണ് 5 ദിവസം നീണ്ടു നില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നിന്ന് ഫ്ലിപ്പ്കാര്‍ട്ട് പ്രതീക്ഷിക്കുന്നത്. ഇത്തവണ മൊബൈല്‍ ആപ്പിലൂടെ മാത്രമേ ബിഗ് ബില്യന്‍ ഡേയില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ തവണത്തെ പരാജയം ആവര്‍ത്തിക്കാതിരിക്കാനാകും ഫ്ലിപ്പ്കാര്‍ട്ട് ഇത്തവണ ശ്രമിക്കുക. സൈറ്റിലേക്ക് കൂടുതല്‍ ആളുകളെത്തുമ്പോള്‍ സൈറ്റ് ഹാങ്ങാകുകയും ബുക്ക് ചെയ്ത നിരവധി ആളുകള്‍ക്ക് ഉത്പന്നങ്ങള്‍ കിട്ടാതിരിക്കുകയും തുടങ്ങി നിരവധി പ്രശ്‌നങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ബിഗ് ബില്യന്‍ ഡേയില്‍ ഉണ്ടായത്. എന്നാല്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഫ്ലിപ്പ്കാര്‍ട്ട് സാങ്കേതിക വിദ്യ അപ്‌ഗ്രേഡ് ചെയ്തു.

ബിഗ് ബില്യന്‍ ഡേയോട് അനുബന്ധിച്ച് ഡെലിവറി ബോയ്‌സിന്റെ എണ്ണം ഫ്ലിപ്പ്കാര്‍ട്ട് 19000 ആക്കി ഉയര്‍ത്തി. 40000 പിന്‍ കോഡുകളിലേക്ക് ഫ്ലിപ്പ്കാര്‍ട്ടിന്റെ സേവനം എത്തിക്കും. 80 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ഫ്‌ലിപ് കാര്‍ട്ട് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 600 കോടി രൂപയുടെ കച്ചവടം ബിഗ് ബില്യന്‍ ഡേയില്‍ ഉണ്ടായെന്ന് ഫ്ലിപ്പ്കാര്‍ട്ട് അവകാശപ്പെടുമ്പോഴും സാങ്കേതിക പ്രശ്‌നങ്ങള്‍ ആരോപിച്ച് ഉപയോക്താക്കളുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി മാപ്പ് പറഞ്ഞിരുന്നു. 13 മുതല്‍ 17 വരെയാണ് ബിഗ് ബില്യന്‍ ഷോപ്പിംഗ് ഫെസ്ര്‌റിവല്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ഫ്ലിപ്പ്കാര്‍ട്ട് സ്വന്തമാക്കിയ മിന്ത്ര ഷാഷന്‍ സ്റ്റോറിനെ കൂടി സജീവമായി ഉള്‍പ്പെടുത്താനാണ് ബിഗ് ബില്യന്‍ ഡേ മൊബൈല്‍ ആപ്പില്‍ മാത്രമാക്കി പരിമിതപ്പെടുത്തുന്നത്.

DONT MISS
Top