കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ തടാകങ്ങളും അരുവികളും ഉണ്ടായിരുന്നെന്ന് നാസ

ന്യൂഡല്‍ഹി: കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ തടാകങ്ങളും അരുവികളും ഉണ്ടായിരുന്നെന്ന് നാസയുടെ കണ്ടെത്തല്‍. 380-330 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു തടാകങ്ങള്‍ ഉണ്ടായിരുന്നത്. ദീര്‍ഘകാലത്തേക്ക് വെള്ളം സംഭരിച്ച് നിര്‍ത്താന്‍ ഈ തടാകങ്ങള്‍ക്ക് കഴിഞ്ഞിരുന്നതായും നാസ വെളിപ്പെടുത്തി. അന്നത്തെ ചൊവ്വയ്ക്ക് ഇന്നത്തെ ഭൂമിയുമായി ഒട്ടേറെ സമാനതകള്‍ ഉണ്ടായിരുന്നതായും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

ധാരാളം അരുവികളും ചൊവ്വയില്‍ ഉണ്ടായിരുന്നു. പല അരുവികളും പിന്നീട് ഒഴുക്ക് നിലച്ച് തടാകങ്ങളായി മാറി. വര്‍ഷങ്ങളുടെ ഇടവേളയില്‍ ഈ തടാകങ്ങളുടെ വലിപ്പം കൂടുകയും കുറയുകയും ചെയ്തു.

പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി റോവര്‍ അയച്ച വിവരങ്ങളില്‍ നിന്നാണ് ഈ നിഗമനം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗെയില് ക്രേറ്റര്‍ എന്ന ഭാഗത്താണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. നേരത്തെ ഇവിടം തടാകമായിരുന്നു. അന്ന് അടിഞ്ഞു കൂടിയ എക്കലിന്റെയും ചെളിയുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെയുള്ളതായും തെളിഞ്ഞിട്ടുണ്ട്. ക്രാറ്ററിന്റെ മധ്യഭാഗത്തായുള്ള കുന്നിന്റെ അടിത്തട്ട് ഈ എക്കലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ഉറവിടം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മഞ്ഞുവീഴ്ചയും മഴയുമാണ് പ്രധാന സാധ്യതകളായി പരിഗണിക്കുന്നത്. ഉപരിതലത്തില്‍ വെള്ളം ഒഴുകിയെങ്കില്‍ ചൊവ്വയുടെ അന്തരീക്ഷം ഇന്നുള്ളതിലും കൂടുതല്‍ കനമുള്ളതായിരിക്കണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഊഷ്മാവും ഉയര്‍ന്നതായിരിക്കണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ തടാകങ്ങളുണ്ടായിരുന്നതായി നേരത്തെ തന്നെ നിഗമനങ്ങളുണ്ടായിരുന്നു. ഗെയില്‍ ക്രേറ്ററിന്റെ വടക്കു ഭാഗത്ത് സമുദ്രം തന്നെയുണ്ടായിരുന്നു എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

DONT MISS
Top