തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ക്കിടയില്‍ തര്‍ക്കം; വിശാലിനെതിരെ രോഷാകുലനായി ചിമ്പു

ചെന്നൈ: തമിഴ്‌നാട്ടില്‍ നടികര്‍സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുന്നു. വിശാലും ശരത് കുമാറും രണ്ട് ചേരികളായി നിന്ന് വാഗ്വാദങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാധിക ശരത് കുമാര്‍, ചിമ്പു, ഉര്‍വ്വശി, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ് എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ വിശാലിനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. തന്റെ കുടുംബത്തെ താറടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ചിമ്പു പറഞ്ഞു. നടികര്‍ സംഘത്തിലെ പ്രശ്നങ്ങള്‍ ഇത്ര സങ്കീര്‍ണമാകാന്‍ കാരണം വിശാലാണെന്നും ചിമ്പു കുറ്റപ്പെടുത്തി.

തനിക്കും മകള്‍ക്കുമെതിരെ വിശാല്‍ കള്ളക്കഥകള്‍ മെനയുകയാണെന്ന് രാധിക ശരത് കുമാര്‍ പറഞ്ഞു. വിശാലിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും രാധിക പറഞ്ഞു. ശരത് കുമാറിനെതിരെ കള്ള ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന വിശാലും കൂട്ടരും മാപ്പ് പറയണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു.

വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി എന്ന പുതിയ സംഘടനയാണ് ശരത്കുമാറിനെതിരെ മത്സരിക്കുന്നത്. വിശാല്‍, കാര്‍ത്തി, നാസര്‍, പൊന്‍വണ്ണന്‍ എന്നിവരാണ് ഈ സംഘനടയില്‍ ഉള്ളത്. ഒക്ടോബര്‍ 18-നാണ് തെരഞ്ഞെടുപ്പ്.

DONT MISS
Top