കോള്‍പാടങ്ങളിലെ നെല്‍കൃഷി പ്രതിസന്ധിയില്‍ പ്രതിഷേധവുമായി കര്‍ഷകര്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ കോള്‍പാടങ്ങളിലെ നെല്ല് കൃഷിയെ പ്രതിസന്ധിലാക്കുന്ന പായലും ചണ്ടിയും നീക്കം ചെയ്യാത്ത ജലസേചന വകുപ്പിന്റെ നടപടിയില്‍ കര്‍ഷകരുടെ പ്രതിഷേധം. പ്രശ്‌ന പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു.

കളക്ടര്‍ ഇടപെട്ട് പോള നീക്കുന്നതിനുള്ള അധിക തുകയായ 95 ലക്ഷം രൂപ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മുപ്പതിനായിരം ഏക്കര്‍ വരുന്ന തൃശ്ശൂര്‍ കോള്‍ പാടത്ത് കൃഷിക്കായി ജലസേചനം നടത്തേണ്ട സമയം അതിക്രമിച്ചിട്ടും ചാലുകളില്‍ തടസമായി നില്‍ക്കുന്ന പായലും ചണ്ടിയും നീക്കാന്‍ നടപടിയില്ലാതായതോടെയാണ് കോള്‍ കര്‍ഷകര്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നത്. എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു കൊണ്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സമരത്തിന് പിന്തുണയുമായി എം ല്‍ എ ഗീത ഗോപിയുമെത്തി.

തൃശൂര്‍ പൊന്നാനി സമ്പൂര്‍ണ്ണ കോള്‍ വികസന പദ്ധതി ഒരുവര്‍ഷത്തിലേറെയായി നാഥനില്ലാ കളരിയായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു.ഉപരോധം തുടരുന്ന പശ്ചാതലത്തില്‍ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടു. പായലും ചണ്ടിയും നീക്കം ചെയ്യാനുള്ള അധിക തുക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.

അടുത്ത ദിവസം മുതല്‍ ചാലുകളെ പൂര്‍വ്വ സ്ഥിതിയിലാക്കി നെല്‍കൃഷിക്കാവശ്യമായ ജലസേചനമൊരുക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ മടങ്ങിയത്

DONT MISS
Top