ഡല്‍ഹി എംഎല്‍എമാരുടെ അടിസ്ഥാനശന്പളത്തില്‍ 400 ശതമാനം വര്‍ധന വരുത്താന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: ഡല്‍ഹി എംഎല്‍എമാരുടെ അടിസ്ഥാനശമ്പളത്തില്‍ 400 ശതമാനം വര്‍ധന വരുത്താന്‍ ശുപാര്‍ശ. അടിസ്ഥാനശമ്പളം 12,000ല്‍ നിന്നും 50,000 രൂപയായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലായാല്‍ അലവന്‍സുകള്‍ കൂടി ചേര്‍ന്ന് മാസശമ്പളം നിലവിലെ 88,000 രൂപയില്‍ നിന്നും 2.10 ലക്ഷം രൂപയായി ഉയരും.

പ്രതിവര്‍ഷം അടിസ്ഥാനശമ്പളത്തിന്റെ പത്ത് ശതമാനമോ 5,000 രൂപ വീതമോ വര്‍ധന നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. വിലക്കയറ്റം മൂലമുണ്ടാകുന്ന വര്‍ധിച്ച ജീവിതച്ചെലവ് നേരിടാനാണ് ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യാത്രാച്ചെലവ് മുതല്‍ ഓഫീസ് കാര്യങ്ങള്‍ക്ക് വരെയുള്ള തുകയും വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.

മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പിഡിറ്റി ആചാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടേതാണ് ശുപാര്‍ശ. ശുപാര്‍ശയടങ്ങുന്ന റിപ്പോര്‍ട്ട് നിയമസഭ സ്പീക്കര്‍ രാംനിവാസ് ഗോയലിന് സമര്‍പ്പിച്ചു. നിയമസഭയുടെ ശമ്പളപരിഷ്‌കരണസമിതിയുടെ പരിഗണനയ്ക്ക് വിടുന്ന റിപ്പോര്‍ട്ട് പിന്നീട് മന്ത്രിസഭ പരിഗണിക്കും. തുടര്‍ന്ന് ബില്ലായി അവതരിപ്പിച്ച ശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിടും.

DONT MISS
Top