ചൊവ്വയിലെ വെള്ളത്തില്‍ ക്യൂരിയോസിറ്റി തൊടൂല്ല

കുരിശുമരണം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേറ്റ യേശുവിന്റെ പുനരുത്ഥാനം വിശ്വസിക്കണമെങ്കില്‍ വിലാപ്പുറങ്ങളില്‍ വിരലോടിച്ച് ഉറപ്പുവരുത്തണമെന്ന് ശഠിച്ചതുകൊണ്ടാണ് ദ്വിദിമസ് എന്ന തോമസ് സംശയാലുവായ തോമയായത്. തോമയെ പോലെ ശാസ്ത്രവും സംശയാലുവായതു കൊണ്ടാണ്, അല്ലെങ്കില്‍ ആ നനവിനെ തൊട്ടറിയാതെ പൂര്‍ണ്ണമായി വിശ്വസിക്കില്ലെന്ന നിര്‍ബന്ധം കൊണ്ടാണ് ചൊവ്വയില്‍ ജലം ഉണ്ടെന്ന് നാസ കണ്ടെത്തിയിട്ടും ആ കണ്ടെത്തലിന് 100 ശതമാനം മാര്‍ക്ക് കിട്ടാത്തത്.

ഏതായാലും മനുഷ്യ സ്പര്‍ശം കൊണ്ട് ചൊവ്വയിലെ വെള്ളത്തെ തൊടാന്‍ തത്കാലമാവില്ല. പക്ഷേ ജലസാന്നിദ്ധ്യം കണ്ടെത്തിയതിന് 50 കിലോമീറ്റര്‍ ദൂരത്ത് കിടപ്പുുണ്ട് ചൊവ്വയിലെ മനുഷ്യന്റെ വികാരിയായ ക്യൂര്യോസിറ്റി. തന്റെ യന്ത്രക്കൈകള്‍ കൊണ്ട് ഒരു കുമ്പിള്‍ കോരിയെടുത്ത് ക്യൂരോസിറ്റിക്ക് നോക്കാവുന്നതേയുള്ളൂ ചൊവ്വയിലെ വെള്ളത്തിന്റെ മാറ്റ്. പക്ഷേ തൊടില്ല ക്യൂരിയോസിറ്റി ആ വെള്ളത്തില്‍; മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ക്യൂരിയോസിററിക്ക് അതിന് അനുവാദമില്ല. കാരണമുണ്ട്.

1967 ല്‍ ഒപ്പുവെച്ച ഒരു അന്താരാഷ്ട്ര കരാറാണ് ക്യൂരിയോസിറ്റിയെ ചൊവ്വയിലെ ജലവിതാനത്തിലെ ഏഴയലത്ത് അടുപ്പിക്കാതെ നിര്‍ത്തി യിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 225 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയത്. ശൂന്യാകാശത്തിലെ പൊടിപടലവും അഴുക്കും സൂക്ഷ്മജീവികളും ഒക്കെ ക്യൂരിയോസിറ്റിയുടെ മേല്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും, ഈ നീണ്ടയാത്രക്കൊടുവിലാകട്ടെ ക്യൂരിയോസിറ്റി കുളിച്ചിട്ടുമില്ല. അങ്ങനെ ഭൂമിയുടെ അഴുക്കുപുരണ്ട വൃത്തിയില്ലാത്ത കൈകളുള്ള ക്യുരിയോസിറ്റിക്ക് മേല്‍പ്പറഞ്ഞ കരാര്‍ പ്രകാരം ജലാശയങ്ങളെ തൊട്ട് അശുദ്ധമാക്കാനാവില്ല. ക്യൂരിയോസിറ്റിയെ ഒന്നു കുളിപ്പിച്ച് വൃത്തിയാക്കാനുള്ള സാങ്കേതിക വിദ്യയൊന്നും തൃപ്തികരമായി വികസിപ്പിച്ചിട്ടുമില്ല.

കടപ്പാട്: സയന്‍സ് അലേര്‍ട്ട്

DONT MISS
Top